എൻഎസ്എസ് നേതൃത്വത്തെ സമുദായാംഗങ്ങൾ തിരുത്തണമെന്ന് സുരേഷ് ഗോപി

കൊല്ലം : എൻഎസ്എസ് നേതൃത്വത്തെ സമുദായാംഗങ്ങൾ തിരുത്തണമെന്ന് നടൻ സുരേഷ് ഗോപി. ആർക്കും പെരുന്നയിൽ ചെല്ലാൻപറ്റുന്ന സാഹചര്യം ഉണ്ടാക്കണം. പെരുന്നയിൽ ചെന്നത് രാഷ്ട്രീയ ഉദ്ദേശത്തോടെയല്ല. ഇന്നലത്തെ സംഭവങ്ങൾ വേദനയുണ്ടാക്കിയെന്നും സുരേഷ് ഗോപി പറഞ്ഞു.

ഏതെങ്കിലും തരത്തിൽ എൻഎസ്എസ് നേതൃത്വവുമായി സമവായത്തിനല്ല താൻ ശ്രമിക്കുന്നതെന്നും ഒരു തിരുത്തലാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മന്നം സമാധിയിലും പെരുന്നയിലും സമുദായഅംഗങ്ങളായ ആർക്കും കയറിചെല്ലാവുന്ന ഒരു സാഹചര്യം ഉണ്ടാകണം. ഒരാൾ മാത്രമാണ് എല്ലാം എന്ന രീതി ശരിയല്ലെന്നും സുരേഷ് ഗോപി പറ‍ഞ്ഞു.

ഇന്നലെ എൻഎസ്എസ് ബജറ്റ് സമ്മേളനം നടക്കുന്നതിനിടെ പ്രതിനിധിസഭാ മന്ദിരത്തിലേക്കു കടന്നുവന്ന നടൻ സുരേഷ് ഗോപിയോട് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അതൃപ്തി അറിയിച്ചു. തുടർന്നു സുരേഷ് ഗോപി മടങ്ങിയിരുന്നു. എൻഎസ്എസ് ആസ്ഥാനത്തുനിന്ന് ഇറങ്ങേണ്ടിവന്നപ്പോൾ ഹൃദയം പൊട്ടിയെന്നു നടൻ സുരേഷ് ഗോപിയും പ്രതികരിച്ചു.

എൻഎസ്എസിനെക്കുറിച്ചോ പ്രവർത്തനത്തെക്കുറിച്ചോ ഇതുവരെ ഒന്നന്വേഷിക്കുക പോലും ചെയ്യാത്ത സുരേഷ് ഗോപിയുടെ വരവ് രാഷ്ട്രീയലക്ഷ്യം വച്ചാണെന്നു സുകുമാരൻ നായർ പറഞ്ഞു. അരുവിക്കര തിര‍ഞ്ഞെടുപ്പിൽ ഇന്നലെ വരെ പ്രചാരണം നടത്തുകയും വോട്ടെടുപ്പിന്റെ അന്ന് എൻഎസ്എസ് ആസ്ഥാനത്തെത്തുകയും ചെയ്യുന്ന തന്ത്രം മനസ്സിലാകും. അനേകലക്ഷം സമുദായാംഗങ്ങളുടെ ത്യാഗം നിറഞ്ഞ പ്രവർത്തനം കൊണ്ടു വളർന്നു വലുതായ എൻഎസ്എസിന്റെ വേദികളെ രാഷ്ട്രീയ കുതന്ത്രങ്ങൾക്കുള്ള അവസരമാക്കാൻ ആരെയും അനുവദിക്കില്ല. അത്തരം ഷോ എൻഎസ്എസിൽ വേണ്ട. ആരായാലും അത്തരം അഹങ്കാരം അനുവദിക്കില്ലെന്നും – സുകുമാരൻ നായർ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.