സുകുമാരന്‍ നായര്‍ക്ക് കടുത്ത രാജി സമ്മര്‍ദ്ദം.. ഞാറാഴ്ച പെരുന്നയിലേക്ക് കരയോഗങ്ങളുടെ വന്‍ പ്രതിഷേധ മാര്‍ച്ച്. സ്വന്തം കരയോഗത്തിലും സുകുമാരന്‍ നായര്‍ക്കെതിരെ പ്രമേയം

അര്‍ജുന്‍ സി വനജ്‌

പത്തനംതിട്ട: വിശദീകരണ പ്രസ്താവന അവഗണിച്ച്, എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്കെതിരെ പ്രസിഡന്റിന്റെ കരയോഗവും പ്രമേയം പാസാക്കി. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ എന്‍എസ്എസ്സിനെ സ്വകാര്യസ്വത്താക്കിവെക്കുന്നുവെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു. സംഘടനയുടെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കുന്നതാണ് ഈ പ്രമേയം പാസാക്കല്‍.സംഘടനയില്‍ വമ്പിച്ച ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉടലെടുത്തുകഴിഞ്ഞുവെന്ന് വ്യക്തമാക്കുന്നതാണ് സംഭവങ്ങള്‍. എന്‍എസ്എസ് പ്രസിഡന്റ് അഡ്വ.പി.എന്‍. നരേന്ദ്രനാഥന്‍നായരുടെ മാതൃകരയോഗമായ 115ാം നമ്പര്‍ വെട്ടിപ്പുറം ശ്രീകൃഷ്ണവിലാസം എന്‍എസ്എസ്‌കരയോഗം ഏകകണ്ഠമായാണ് പ്രമേയം പാസ്സാക്കിയത്. എന്‍എസ്എസ് ആസ്ഥാനത്തുനിന്നും ചലച്ചിത്രതാരം സുരേഷ് ഗോപിയെ ഇറക്കിവിട്ട സംഭവത്തില്‍ സമുദായ അംഗങ്ങള്‍ക്കുള്ള പ്രതിഷേധം നാടെങ്ങും വ്യാപകമാവുകയാണ്. ഞാറാഴ്ച(12.07.2015) എന്‍.എസ്.എസ് ആസ്ഥാനത്തേക്ക് വിവിധ കരയോഗങ്ങളുടെ നേതൃത്വത്തില്‍ സുകുമാരന്‍ നായരുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ മാര്‍ച്ച് നടക്കും. മാര്‍ച്ചില്‍ ആയിരകണക്കിന് സമുദായ അംഗങ്ങള്‍ പങ്കെടുക്കും. ജനറല്‍ സെക്രട്ടറി പുംഗനാണെന്നും യൂദാസാണെന്നും ഇതര സമുദായങ്ങളുടെ കുഴലൂത്തുകാരനാണെന്നും സമുദായത്തിന് അപമാനമാണെന്നും വിവിധ കരയോഗങ്ങള്‍ പ്രമേയത്തിലൂടെ പറയുന്നു. എന്‍എസ്എസ് നേതൃത്വത്തിനേറ്റ കനത്ത തിരിച്ചടികൂടിയാണിത്. സുകുമാരന്‍നായര്‍ എന്‍എസ്എസിനെ സ്വകാര്യസ്വത്താക്കി കണക്കാക്കുന്നതായും തന്റെ ഇഷ്ടക്കാര്‍ക്കുമാത്രമായി എന്‍എസ്എസ് ആസ്ഥാനം തുറന്നുകൊടുക്കുന്നതായും പ്രമേയം പറയുന്നു. വിവിധ രാഷ്ട്രീയ കക്ഷികളില്‍പെട്ടവര്‍ കരയോഗം അംഗങ്ങളാണ്. ഇവര്‍ക്കെല്ലാം ഒരേ പരിഗണന ലഭിക്കണം. സമുദായ ആചാര്യന്‍ മന്നത്തു പത്മനാഭന്‍ ആര്‍ജ്ജിച്ച സ്വത്തിനപെുറമേ അംഗങ്ങള്‍ നല്‍കുന്ന ജന്മനക്ഷത്ര പിരിവ് അടക്കമുള്ളതാണ് എന്‍എസ്എസിന്റെ ആസ്തിവകകള്‍. അത് ആരും സ്വകാര്യസ്വത്തായി കൈയടക്കി വെയ്ക്കുന്നത് ശരിയല്ലെന്നും സമുദായ അംഗങ്ങള്‍ക്കെല്ലാം എന്‍എസ്എസ് ആസ്ഥാനത്തെത്താനുള്ള അവസരം ഉണ്ടാകണമെന്നും പ്രമേയം ആവശ്യപ്പെട്ടു. എന്‍എസ്എസ് പ്രസിഡന്റ് ഈ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. വിവിധ കരയോഗങ്ങളില്‍ നിന്നും ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പെണ്‍വാണിഭത്തിലും അഴിമതിയിലും കോഴ ഇടപാടുകളിലും പെടുന്നവരെ രക്ഷിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങുന്നത് സുകുമാരന്‍നായര്‍ക്ക് ഹരമാണെന്ന് ഇലന്തൂര്‍ ഭഗവതികുന്ന് 984ാം നമ്പര്‍ കരയോഗം അഭിപ്രായപ്പെട്ടു. നായന്മാരുടെ പോപ്പ് എന്ന് സ്വയം വിശേഷിപ്പിക്കുന്നതിലൂടെ സൂപ്പര്‍ മുഖ്യമന്ത്രി കളിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പെണ്‍വാണിഭക്കാരെ തലോടുകയും കോഴക്കാരന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്ന ജനറല്‍ സെക്രട്ടറി പുംഗനാണെന്നും, മന്നത്തുപത്മനാഭന്‍ ഇരുന്ന കസേരയില്‍ ഇരിയ്ക്കുന്ന യൂദാസാണെന്നും പ്രമേയം പറയുന്നു. ഇതര സമുദായത്തിന്റെ കുഴലൂത്തുകാരനായി സുകുമാരന്‍നായര്‍ അധപതിച്ചു. നായര്‍ സമുദായത്തിന്റേതായി ജനറല്‍ സെക്രട്ടറി പറയുന്ന അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റേത് മാത്രമാണെന്നും സംസ്‌കാര ശൂന്യമായാണ് സുകുമാരന്‍നായര്‍ പെരുമാറുന്നതെന്നും ഐകകണ്‌ഠ്യേന പാസ്സാക്കിയ പ്രമേയത്തില്‍ പറയുന്നു. പദവിക്ക് ചേരാത്ത പ്രവര്‍ത്തനമാണ് ജനറല്‍ സെക്രട്ടറിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും വിവാദങ്ങള്‍ നായര്‍ സമുദായത്തിന് ആക്ഷേപമാണെന്നും മഞ്ഞനിക്കര 1731ാം നമ്പര്‍ ശ്രീദേവി വിലാസം എന്‍എസ്എസ് കരയോഗം പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു. കുന്നന്താനം വള്ളമല 938 ാം നമ്പര്‍ കരയോഗം അടക്കം നിരവധി കരയോഗങ്ങള്‍ ജനറല്‍ സെക്രട്ടറിയുടെ നടപടിക്കെതിരേ രംഗത്തെത്തി. വിവേകവും വിവരവും നഷ്ടപ്പെട്ട തരത്തിലാണ്എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ പെരുമാറ്റം എന്ന് പത്തനംതിട്ട കല്ലറക്കടവ് ദേശസേവിനി സമാജം അഭിപ്രായപ്പെട്ടു. സുകുമാരന്‍നായരുടെ പെരുമാറ്റം സമുദായത്തിന് അപമാനമായി മാറിയിരിക്കുകയാണ്. പിന്നാക്കം നില്‍ക്കുന്ന സമുദായ അംഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കാതെ സ്വന്തം താല്‍പര്യങ്ങള്‍ക്കായി രാഷ്ട്രീയ നാടകത്തിലെ കോമാളിവേഷം കെട്ടുകയാണ് എന്‍എസ്എസ് നേതൃത്വം, ദേശസേവിനി സമാജം അഭിപ്രായപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.