ബാർ കോഴ ആരോപണം തിരക്കഥ പോലെയെന്ന് കെ.എം.മാണി

കോട്ടയം: തനിക്കെതിരായ ബാർ കോഴ ആരോപണം തിരക്കഥ പോലെയായിരുന്നുവെന്ന് ധനമന്ത്രി കെ.എം.മാണി. കൃത്രിമമായ തെളിവുകളും വ്യാജരേഖകളും ചമയ്ക്കപ്പെട്ടു. കുറ്റം ചെയ്യാത്തതിനാൽ ആത്മവിശ്വാസമുണ്ടായിരുന്നു. സത്യത്തിനാണ് ആത്യന്തിക ജയം. അന്തിമ തീരുമാനം വരുന്നത് വരെ കാത്തിരിക്കാനും കെ.എം.മാണി പറഞ്ഞു. ബാർ കോഴ കേസിൽ കുറ്റപത്രം നൽകേണ്ടെന്ന വിജിലൻസ് ഡയറക്ടറുടെ നിലപാടിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആത്യന്തികമായി സത്യം മാത്രം വിജയിക്കുമെന്നായിരുന്നു ഇന്നലെ മാണി പ്രതികരിച്ചത്. സത്യത്തിൽ വിശ്വസിക്കുന്നയാളാണു താൻ. പ്രതിസന്ധികളുണ്ടാകുമ്പോൾ അവയെ ധൈര്യപൂർവം നേരിടാനാകുന്നതും സത്യത്തിലുള്ള വിശ്വാസം കൊണ്ടാണെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.

മന്ത്രി കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസിൽ കുറ്റപത്രം വേണ്ടെന്നായിരുന്നു വിജിലൻസ് ഡയറക്ടർ വിൻസൻ എം. പോളിന്റെ നിർദേശം. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ആർ. സുകേശൻ നൽകിയ റിപ്പോർട്ടിലെ നിയമപരവും വസ്തുതാപരവുമായ പാളിച്ചകൾ അക്കമിട്ടു നിരത്തിയ വിജിലൻസ് ഡയറക്ടർ വിൻസൻ എം. പോൾ, ഇതു പ്രകാരം ‍കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകാൻ എസ്പിക്കു നിർദേശം നൽകിയിരുന്നു.

ഡയറക്ടറുടെ നിർദേശം പരിശോധിച്ചു കേസിൽ അന്വേഷണം അവസാനിപ്പിച്ചുള്ള റിപ്പോർട്ട് നൽകണോ കുറ്റപത്രം നൽകണോ എന്ന് ഇനി തീരുമാനിക്കേണ്ടതു സുകേശനാണ്. കുറ്റപത്രം നൽകാൻ ഒരു തെളിവുമില്ലെന്നാണു ഡയറക്ടറുടെ റിപ്പോർട്ടിലെ ഉള്ളടക്കം. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു മാണി കോഴ ആവശ്യപ്പെട്ടെന്നും വാങ്ങിയെന്നും ആരോപിച്ചാണ് അഴിമതി നിരോധന നിയമത്തിലെ ഏഴ്, 13(1) ഡി വകുപ്പുകൾ പ്രകാരം മാണിക്കെതിരെ വിജിലൻസ് ഡിസംബറിൽ കേസ് എടുത്തത്.

തുടർന്ന് അന്വേഷണം നടത്തിയ സുകേശൻ മാണിക്കെതിരെ കുറ്റപത്രം നൽകാൻ തെളിവുണ്ടെന്നു റിപ്പോർട്ട് നൽകി. എന്നാൽ മതിയായ തെളിവില്ലെന്നായിരുന്നു വിജിലൻസ് ലീഗൽ അഡ്വൈസർ സി.സി. അഗസ്റ്റിന്റെ റിപ്പോർട്ട്. ഇതു രണ്ടും പരിശോധിച്ച വിജിലൻസ് എഡിജിപി ഷേയ്ക്ക് ദർവേഷ് സാഹിബും കുറ്റപത്രം നൽകാൻ തെളിവില്ലെന്ന ശുപാർശയാണു ഡയറക്ടർക്കു കൈമാറിയത്.

© 2024 Live Kerala News. All Rights Reserved.