നിലവിളക്ക് കാണുമ്പോള്‍ നില തെറ്റുന്ന ലീഗ്‌

കോഴിക്കോട്: പൊതു ചടങ്ങുകളിൽ നിലവിളക്ക് കൊളുത്തുന്നതിനെച്ചൊല്ലി  മുസ്ലിംലീഗിലെ അഭിപ്രായ ഭിന്നത പരസ്യമായി. നിലവിളക്ക് കൊളുത്തുന്നതിൽ വിശ്വാസപരമായി തെറ്റില്ലെന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എം. ഷാജിയുടെ നിലപാട് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ തള്ളി.    നിയമസഭയിലായിരുന്നു ഷാജിയുടെ അഭിപ്രായ പ്രകടനം. അതിന്  മുമ്പ് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഒരു പൊതുചടങ്ങിൽ  നിലവിളക്ക് കൊളുത്താതിരുന്നതും അതേ ചടങ്ങിൽ പങ്കെടുത്ത നടൻ മമ്മൂട്ടി അത് ശരിയായില്ലെന്ന് അഭിപ്രായപ്പെട്ടതും സോഷ്യൽ മീഡിയകളിൽ ചൂടുള്ള ചർച്ചയായിരുന്നു.

അതേസമയം, നിലവിളക്ക് കത്തിക്കില്ലെന്നാണ് പാർട്ടി നിലപാടെന്ന് ഇ.ടി. മുഹമ്മദ് ബഷീർ ഇന്നലെ വ്യക്തമാക്കി. ഇതിൽ  ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. ചിലർ  അനാവശ്യ വിവാദമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം  മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്  മറുപടി നൽകി.
തൊട്ട് പിന്നാലെ, ഇ.ടിയുടെ നിലപാട് തള്ളി മന്ത്രി എം.കെ. മുനീർ രംഗത്തെത്തി. നിലവിളക്ക് കൊളുത്തുന്നതും കൊളുത്താതിരിക്കുന്നതും വ്യക്തിപരമായ കാര്യമാണ്.  ഇക്കാര്യത്തിൽ ലീഗ് ഔദ്യോഗികമായി ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. അങ്ങനെയൊരു  തീരുമാനമെടുക്കാൻ  പാർട്ടിക്ക്  കഴിയില്ല. കൊളുത്തുകയോ കൊളുത്താതിരിക്കുകയോ ചെയ്യുന്നത് ഓരോരുത്തരുടെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണ് – മുനീർ കേരളകൗമുദിയോട്  വ്യക്തമാക്കി. നിലവിളക്കിന്റെ കാര്യത്തിൽ തീരുമാനമെടുക്കുകയാണെങ്കിൽ ഓരോ മതകാര്യങ്ങളും പാർട്ടി വേദികളിൽ തീരുമാനിക്കേണ്ടിവരും. യോഗ ചെയ്യണോ? പശുവിറച്ചി തിന്നണോ?. അങ്ങനെ പല കാര്യങ്ങളും. ഇങ്ങനെയൊക്കെ തീരുമാനിക്കാൻ തുടങ്ങിയാൽ മുസ്ളിംലീഗ്  ഒരു മതസംഘടനയുടെ ജോലി ചെയ്യേണ്ടി വരും. രാഷ്ട്രീയ കാര്യങ്ങളിലാണ്  ലീഗ് തീരുമാനമെടുക്കേണ്ടത്. വിശ്വാസത്തിന്റെ കാര്യമൊക്കെ വ്യക്തികൾക്ക്  വിട്ടു കൊടുക്കുക. നിർബന്ധിക്കാനൊന്നും പറ്റില്ല. അബ്ദുറബ്ബ്  അദ്ദേഹത്തിന്റെ വിശ്വാസമനുസരിച്ച്  നിലവിളക്ക്  കൊളുത്തിയില്ല, ഷാജി കൊളുത്തുന്നു. രണ്ടും അവരവരുടെ വിശ്വാസമനുസരിച്ച്   ശരിയാണ്. ഇതിന്റെ പേരിൽ അച്ചടക്ക നടപടി എടുക്കാനൊക്കെ കഴിയുമോ? ഇസ്ലാം മതത്തിനുള്ളിൽ ഒരുപാട് വിഭാഗീയതകളുണ്ട്. അതിൽത്തന്നെ തീരുമാനമെടുക്കാൻ പറ്റുന്നില്ല. പിന്നെയാണോ നിലവിളക്കിന്റെ കാര്യം?  ഇതൊന്നും സീരിയസ്  ഇഷ്യുവാക്കേണ്ട കാര്യമേയില്ല. ഇതിനെക്കാൾ ഗുരുതരമായ എന്തൊക്ക പ്രശ്നങ്ങളാണ് രാജ്യത്ത് പരിഹരിക്കാനുള്ളത്- മുനീർ പറഞ്ഞു.

ആരാധനയുടെ ഭാഗമായല്ലാതെ നിലവിളക്ക് കൊളുത്തുന്നതിൽ  തെറ്റില്ലെന്നും അതുകൊണ്ടാണ് താൻ  നിലവിളക്ക് കൊളുത്തുന്നതെന്നുമായിരുന്നു ഷാജി  നിയമസഭയിൽ പറഞ്ഞത്. ഇത് ലീഗിന്റെ നിലപാടാണോയെന്ന് വ്യക്തമാക്കാൻ പാർട്ടി ലീഡർ പി.കെ. കുഞ്ഞാലിക്കുട്ടിയെ കെ.ടി. ജലീൽ സഭയിൽ വെല്ലുവിളിച്ചിരുന്നു. ആരാധനയുടെ ഭാഗമല്ലാതെ ഷാജിക്ക് വിളക്ക് കൊളുത്താമെങ്കിൽ മുനീറിന്  പോലും ഇതംഗീകരിക്കാനാവാത്തത് എന്ത് പരിമിതിയുടെ പേരിലാണെന്നും അബ്ദുറബ്ബും കുഞ്ഞാലിക്കുട്ടിയും എന്തുകൊണ്ട് ഇത് അംഗീകരിക്കുന്നില്ലെന്നും ജലീൽ ചോദിച്ചെങ്കിലും  മറുപടിയുണ്ടായില്ല.
നിലവിളക്ക് വിഷയത്തിൽ ഭിന്നത പരസ്യമായ സാഹചര്യത്തിൽ അടുത്ത മാസം രണ്ടിന്  ചേരുന്ന ലീഗ്  പ്രവർത്തക സമിതിയോഗം ഇക്കാര്യം ചർച്ച ചെയ്യുമെന്നറിയുന്നു.

Courtesy:keralakoumudi

© 2024 Live Kerala News. All Rights Reserved.