ബാർ കോഴക്കേസ്; അന്വേഷണത്തിൽ ഇടപെട്ടില്ലെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം ∙ ബാർ കോഴക്കേസിലെ വിജിലൻസ് അന്വേഷണത്തിൽ ഇടപെട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ ഉള്ളടക്കം തനിക്ക് അറിയില്ല. ആക്ഷേപമുള്ളവർക്ക് കോടതിയിൽ ചോദ്യം ചെയ്യാമെന്നും മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ബാർ കോഴ കേസിൽ മന്ത്രി കെ.എം. മാണിക്കെതിരെ കുറ്റപത്രം സമർപ്പിക്കാനുള്ള തെളിവില്ലെന്നു വിജിലൻസ് ഡയറക്ടർ വിൻസൺ എം. പോളിന് എഡിജിപി: ഷേയ്ക്ക് ദർവേഷ് സാഹിബ് റിപ്പോർട്ട് നൽകിയിരുന്നു. ഈ വാർത്തയോട് പ്രതികരിക്കുകയായിരുന്നു ആദ്ദേഹം.

മാണിക്കെതിരെ കുറ്റപത്രത്തിനു മതിയായ തെളിവില്ലെന്ന വിജിലൻസ് നിയമോപദേഷ്ടാവ് സി.സി. അഗസ്റ്റിന്റെ നിയമോപദേശം എഡിജിപി ശരിവയ്ക്കുകയായിരുന്നു. മതിയായ തെളിവുണ്ടെന്ന നിലയിൽ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി: ആർ. സുകേശൻ നൽകിയ റിപ്പോർട്ടിനോട് എഡിജിപി വിയോജിച്ചു. ഇനി ഇക്കാര്യത്തിൽ വിജിലൻസ് ഡയറക്ടറാണ് അന്തിമ തീരുമാനം എടുക്കുക. അതിനു മുൻപായി വിജിലൻസ് അഡീഷനൽ ഡയറക്ടർ (പ്രോസിക്യൂഷൻ) ശശീന്ദ്രന്റെയും അഡ്വക്കറ്റ് ജനറലിന്റെയും നിയമോപദേശം ഡയറക്ടർ തേടിയേക്കും.

പൂട്ടിയ ബാറുകൾ തുറക്കാൻ മൂന്നു ഘട്ടങ്ങളിലായി മന്ത്രി കെ.എം. മാണി ഒരു കോടി രൂപ വാങ്ങിയെന്ന ബിജു രമേശിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു കേസ്. അഴിമതി നിരോധന നിയമത്തിലെ എഴ്, 13 (1) ഡി വകുപ്പുകൾ പ്രകാരമാണു മാണിക്കെതിരെ പ്രഥമ വിവര റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണം നടത്തിയത്. ഈ വകുപ്പുകൾ പ്രകാരം കുറ്റപത്രം സമർപ്പിക്കാൻ ആവശ്യമായ തെളിവുകൾ അന്വേഷണസംഘം കണ്ടെത്തിയില്ലെന്നാണ് എഡിജിപിയുടെ നിഗമനം.

കോഴ ആവശ്യപ്പെട്ടതിനും വാങ്ങിയതിനും തെളിവില്ല. കോഴപ്പണം അന്വേഷണസംഘം കണ്ടെത്തിയിട്ടില്ല. കോഴ നൽകിയെന്നു പറയുന്നവർക്കു പ്രത്യുപകാരം ചെയ്തതായും തെളിഞ്ഞിട്ടില്ല. ഇതുവരെ കണ്ടെത്തിയ തെളിവുകൾ ദുർബലമാണെന്ന നിയമോപദേഷ്ടാവിന്റെ നിലപാടിനോടും എഡിജിപി യോജിച്ചു. ബിജു രമേശിന്റെയും ഡ്രൈവർ അമ്പിളിയുടെയും മൊഴിയും മറ്റു സാഹചര്യത്തെളിവുകളുമാണു മാണിക്കെതിരെ എസ്പിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്.

© 2024 Live Kerala News. All Rights Reserved.