ബാര്‍ കോഴ: വിജിലന്‍സ് ഡയറക്ടര്‍ വീണ്ടും അറ്റോര്‍ണി ജനറലിന്റെ ഉപദേശം തേടി

കൊച്ചി: ധനമന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേല്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ വീണ്ടും അറ്റോര്‍ണി ജനറലിന്റെയും സോളിസിറ്റര്‍ ജനറലിന്റെയും നിയമോപദേശം തേടി. ഇത് രണ്ടാം പ്രാവശ്യമാണ് നിയമോപദേശം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ കത്തെഴുതുന്നത്. ഒരാഴ്ച മുമ്പാണ് സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറില്‍ നിന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയില്‍ നിന്നും വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടിയത്.

മറുപടിയില്ലാത്ത സാഹചര്യത്തിലാണ് രണ്ടാമതും കത്തെഴുതിയത്.ആവശ്യമെങ്കില്‍ രേഖകളുമായി നേരില്‍ വരാമെന്നും വിന്‍സന്‍ എം.പോള്‍ കത്തില്‍ പറയുന്നു.

അഴിമതി നിരോധന നിയമത്തിലെ ഏഴ്, 13 വകുപ്പുകള്‍ പ്രകാരം മന്ത്രി മാണിക്കെതിരെയുള്ള ആരോപണം നിലനില്‍ക്കുമോയെന്ന വിഷയത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ ഉപദേശം തേടിയിട്ടുള്ളത്.

കെ.എം. മാണിക്കെതിരെയുള്ള ആരോപണം അന്വേഷിച്ച വിജിലന്‍സ് എസ്.പി. സുകേശന്‍ സമര്‍പ്പിച്ച വസ്തുതാവിവര റിപ്പോര്‍ട്ട് പരിശോധിച്ച വിജിലന്‍സ് നിയമോപദേഷ്ടാവ് കുറ്റപത്രം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ നിയമോപദേശം അടങ്ങുന്ന ഫയല്‍ വിജിലന്‍സ് ഡയറക്ടര്‍ ഡി.ജി.പി. വിന്‍സന്‍ എം. പോളിന്റെ പരിശോധനയിലാണ്. ഇതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം കേന്ദ്ര നിയമ വിദഗ്ധരില്‍നിന്ന് ഉപദേശം തേടിയത്.

കോഴപ്പണം കൈവശം വെക്കുകയോ പണം കൈമാറുന്നത് കാണുകയോ ചെയ്താല്‍ മാത്രം പോരാ, പ്രതി കോഴ ചോദിച്ചു വാങ്ങിയതാണെന്ന് സംശയാതീതമായി തെളിയിച്ചാല്‍ മാത്രമെ അഴിമിതി നിരോധന നിയമത്തിലെ ഏഴും 13ഉം വകുപ്പുകള്‍ പ്രകാരമുള്ള ആരോപണം നിലനില്‍ക്കൂവെന്ന് സുപ്രീം കോടതിയുടെ വിധികള്‍ നിലവിലുണ്ട്. ബാറുകള്‍ തുറക്കുന്നതിന് ധനമന്ത്രി കെ.എം. മാണി കോഴ ആവശ്യപ്പെട്ടതിന് വാക്കാലോ രേഖാമൂലമോ ഉള്ള തെളിവില്ലെന്ന റിപ്പോര്‍ട്ടാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വിജിലന്‍സിലെ ഉന്നതര്‍ക്ക് നല്‍കിയിരിക്കുന്നത് എന്നാണ് അറിയുന്നത്.

© 2024 Live Kerala News. All Rights Reserved.