മാണിയ്ക്ക് പുണ്യാള പരിവേഷം നല്‍കി വിജിലന്‍സ് റിപ്പോര്‍ട്ട്. വിജിലന്‍സ് എസ്.പി. ആര്‍. സുകേശന്റെ റിപ്പോര്‍ട്ട് വിജിലന്‍സ് എഡിജിപി തള്ളി. മാണി കോഴ ആവശ്യപ്പെട്ടതിനു തെളിവില്ല

തിരുവനന്തപുരം∙ ബാർ കോഴക്കേസിൽ ധനമന്ത്രി കെ.എം. മാണിക്കെതിരെ കുറ്റപത്രമുണ്ടാകില്ല. കേസിൽ സൂക്ഷമപരിശോധന നടത്തുന്ന വിജിലൻസ് എഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വിജിലൻസ് എസ്.പി. ആർ. സുകേശന്റെ റിപ്പോർട്ട് തള്ളി. മാണി കോഴ ആവശ്യപ്പെട്ടതിനു തെളിവില്ലെന്ന വിജിലൻസ് ലീഗൽ അഡ്വൈസർ സി.സി. അഗസ്റ്റിന്റെ നിയമോപദേശം ശരിവച്ചു. മാണി കോഴ ആവശ്യപ്പെട്ടതിനും വാങ്ങിയതിനും തെളിവില്ല. കോഴപ്പണം കണ്ടെത്താനും സാധിച്ചിട്ടില്ല. കോഴ നൽകിയെന്നു പറയുന്നവർക്കു പ്രത്യുപകാരം ചെയ്തിട്ടുമില്ല‌െന്നും കണ്ടെത്തി. വിജിലൻസ് ഡയറക്ടറുടെ തീരുമാനം ഉടനുണ്ടാകും.

അതേസമയം ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന കെഎം മാണി മാധ്യമങ്ങളോട് പ്രതികരിച്ചു.

കേസിൽ വിജിലൻസിനു ലഭിച്ച നിയമോപദേശവും അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടും രണ്ടായിരുന്നു. മാണിക്കെതിരെ സാഹചര്യ തെളിവുണ്ടെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്. ബിജു രമേശിന്റെ മൊഴിയും അദ്ദേഹത്തിന്റെ ഡ്രൈവർ അമ്പിളിയുടെ മൊഴിയും നുണപരിശോധന ഫലവും തെളിവായുണ്ടെന്നാണ് ഉദ്യോഗസ്ഥൻ പറഞ്ഞത്.

എന്നാൽ അഴിമതിവിരുദ്ധ നിയമത്തിലെ വകുപ്പുകൾ അനുസരിച്ച് മാണിക്കെതിരെ കേസെടുക്കാൻ സാധിക്കില്ലെന്നാണു നിയമോപദേശം ലഭിച്ചത്. മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് അനുകൂലമായ തെളിവുകള്‍ വിജിലന്‍സിന്റെ പക്കല്‍ ഇല്ലെന്നും കേസ് കോടതിയില്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു നിയമോപദേശം. മാണിക്കു പണം നല്‍കിയതിനോ പണം സ്വീകരിച്ചതിനോ തെളിവുകളില്ലെന്നാണു വ്യക്തമാക്കിയിരിക്കുന്നത്.

ബിജു രമേശിന്റെ മൊഴി മാത്രമേ മാണിക്കു പ്രതികൂലമായുള്ളൂ. ബിജു രമേശിന്റെ ഡ്രൈവർ അമ്പിളിയാണ് സാക്ഷി. മറ്റു ബാറുടമകളാരും തന്നെ കോഴ നൽകിയതായി മൊഴിനൽകിയിട്ടില്ല. അതേസമയം, നിയമപോരാട്ടം നടത്തുമെന്ന് കേരള കോൺഗ്രസ് (ബി) നേതാവ് ആർ. ബാലകൃഷ്ണപിള്ള. ഇനി കോടതിയിൽ നിയമപോരാട്ടമെന്നും പിള്ള വ്യക്തമാക്കി

© 2024 Live Kerala News. All Rights Reserved.