കോടതി അനുമതിയോടെ സിപിഎം നേതാവ് പി. ജയരാജന്‍ വോട്ട് രേഖപ്പെടുത്തി; കാരായി രാജനും കാരായി ചന്ദ്രശേഖരനും കണ്ണൂരില്‍ എത്തി വോട്ട് രേഖപ്പെടുത്താന്‍ കോടതി അനുമതി

കണ്ണൂര്‍: കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതിയില്ലാത്ത സിപിഎം നേതാവ് പി ജയരാജന്‍ കോടതി അനുമതിയോടെ വോട്ട് രേഖപ്പെടുത്തി. കൂത്തുപറമ്പ് മണ്ഡലത്തിലെ കോങ്ങാറ്റ എല്‍പി സ്‌കൂള്‍ ബൂത്തിലാണ് ജയരാജന്‍ വോട്ട് ചെയ്തത്. പി ജയരാജനോടൊപ്പം കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ക്കും കണ്ണൂരില്‍ പ്രവേശിക്കാനും വോട്ട് രേഖപ്പെടുത്താനും കോടതിയുടെ പ്രത്യേക അനുമതി ലഭിച്ചിട്ടുണ്ട്. ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും തലശേരി മണ്ഡലത്തിലാണ് വോട്ട് ചെയ്യുന്നത്.

കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ പി ജയരാജന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ 25ആം പ്രതിയായ ജയരാജന്‍ വടകരയില്‍ താമസിക്കുന്ന സഹോദരി പി സതീദേവിയുടെ വീട്ടിലാണ് ഇപ്പോഴുള്ളത്. ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി വോട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്.

© 2024 Live Kerala News. All Rights Reserved.