ജെഎന്‍യു സമരത്തില്‍ കയറി ആക്രമണം നടത്താന്‍ ഐഎസ് ഇന്ത്യന്‍ ഘടകത്തിന് നിര്‍ദേശം നല്‍കി; ബാംഗ്ലൂര്‍, പഞ്ചാബ്, ബംഗാള്‍ എന്നിവിടങ്ങളിലെ രഹസ്യയോഗങ്ങളെക്കുറിച്ചും വെളിപ്പെടുത്തല്‍; എന്‍ഐഎ കസ്റ്റഡിയിലായവരുടെ മൊഴിയിലാണിത്

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായ കനൈയ്യ കുമാറിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ സമരത്തില്‍ കയറി ആക്രമണം നടത്താന്‍ ഇന്ത്യന്‍ ഘടകത്തിന് ഐഎസ് നിര്‍ദ്ദേശം ഉണ്ടായിരുന്നതായി ഇന്ത്യയിലെ ഐഎസ് ഭീകരരുടെ വെളിപ്പെടുത്തല്‍. കനൈയ്യ തീഹാര്‍ ജയിലില്‍ കഴിയവെ രാജ്യമാകെ നടന്ന വിദ്യാര്‍ത്ഥി സമരങ്ങളില്‍ കയറിക്കൂടാനും വാഹനങ്ങള്‍ തീവെച്ച് നശിപ്പിക്കാനും ഐഎസ് നേതാവ് അഹമ്മദ് അലി പശ്ചിമ ബംഗാളിലുള്ള പത്തൊന്‍പത് കാരനായ ആഷിഖ് അഹമ്മദിനോടാണ് ആവശ്യപ്പെട്ടത്. പെട്രോള്‍ വാഹനങ്ങളും ഓയില്‍ ടാങ്കറുകളും അഗ്‌നിക്കിരയാക്കാനാണ് അഷിഖിനോട് നിര്‍ദ്ദേശിച്ചിരുന്നത്.

ഐഎസ് ഭീകരര്‍ ബാംഗ്ലൂര്‍, പശ്ചിമ ബംഗാള്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ നടത്തിയ രഹസ്യ യോഗങ്ങളെ കുറിച്ചും നിര്‍ണായ വിവരങ്ങള്‍ വെളിപ്പെടുത്തി. എന്‍ഐഎ യുടെ കസ്റ്റഡിയിലുള്ള ഇന്ത്യയിലെ ഐസിസ് സംഘടനയായ ജുനുദ് അല്‍ ഖലീഫ ഇ ഹിന്ദിന്റെ പ്രവര്‍ത്തകരായ ആഷിഖ് അഹമ്മദ് എന്ന രാജ, മൊഹമ്മദ് അബ്ദുള്‍ അഹദ്, മൊഹമ്മദ് അഫ്‌സല്‍ എന്നിവര്‍ നല്‍കിയ മൊഴിയില്‍ നിന്നാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. അക്രമങ്ങളിലൂടെ വിദ്യാര്‍ത്ഥികളെ കൂടുതല്‍ പ്രക്ഷോഭങ്ങളിലേക്ക് നയിച്ച് രാജ്യത്ത് അസന്തുലിതാവസ്ഥ സൃഷ്ടിക്കുക എന്നതാണ് ഐഎസ്് ലക്ഷ്യം വെച്ചതെന്ന് എന്‍ഐഎ അഭിപ്രായപ്പെട്ടു. ഫെബ്രുവരി 22 നാണ് ആഷിഖ് എന്‍ഐഎ പിടിയിലായത്.

© 2024 Live Kerala News. All Rights Reserved.