മീററ്റ്: ജെഎന്‍യു വിദ്യാര്‍ത്ഥികളായ കനയ്യ കുമാറിനെയും ഉമര്‍ ഖാലിദിനെയും വധിക്കാന്‍ പത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ ക്യാമ്പസില്‍ നിയോഗിച്ചതായി നവ നിര്‍മ്മാണ്‍ സേനാ നേതാവ്. ഉത്തര്‍പ്രദേശ് നവനിര്‍മ്മാണ്‍ സേന (യു.പി.എന്‍.എസ്) യുടെ മീററ്റില്‍ നിന്നുള്ള നേതാവ് അമിത് ജനിയാണ് വധഭീഷണിയുമായി രംഗത്ത്. കാമ്പസിലേക്ക് ആയുധങ്ങള്‍ എത്തിച്ചിട്ടുള്ളതായും നവരാത്രിക്ക് മുമ്പായി വെടിവെച്ചുകൊല്ലുമെന്നും അമിത് ജനി പറയുന്നു. ഹോസ്റ്റലില്‍ നിന്ന് തന്റെ ചില കുട്ടികള്‍ വിളിച്ച് എന്തു ചെയ്യണമെന്ന് ചോദിച്ചു. കുട്ടികള്‍ ആയുധങ്ങളുമായി ഹോസ്റ്റലില്‍ തയ്യാറാണ്. കനയ്യയെയും ഉമര്‍ ഖാലിദിനെയും വധിച്ച ശേഷം അവര്‍ പോലീസില്‍ കീഴടങ്ങുമെന്നും ജനി പറഞ്ഞു.
മാര്‍ച്ച് 31 ന് മുമ്പായി ഡല്‍ഹിയില്‍ നിന്ന് പോകണമെന്ന് കനയ്യയ്ക്കും ഉമര്‍ ഖാലിദിനും ഇയാള്‍ ഫേസ്ബുക്കിലൂടെ അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന് വീഴ്ച വന്നാല്‍ ജെഎന്‍യുവില്‍ ഷൂട്ട് ഔട്ട് നടത്തുമെന്നും പറഞ്ഞിരുന്നു. പറഞ്ഞ തീയതി കഴിഞ്ഞതിനെ തുടര്‍ന്നാണ് അമിത് ജനിയുടെ പുതിയ പ്രതികരണം.