ന്യൂഡല്‍ഹി: ഇസ്ലാം മത വിശ്വാസത്തിന് പുറത്തുനില്‍ക്കുകയും മതപരമായ ജീവിതം നയിക്കുകയും ചെയ്യാത്ത എന്നെ മുസ്ലീം തീവ്രവാദി ആയി ചിത്രീകരിക്കുന്നതിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടെ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ്. രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യയ്ക്കും ഇന്നലെ ആണ് പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചത്. ജയില്‍ മോചിതരായ ശേഷം ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കവെ ആണ് ഉമര്‍ ഖാലിദ് കേന്ദ്രത്തിന് എതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. കേന്ദ്ര സര്‍ക്കാരും ആര്‍എസ്എസും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആ ശ്രമം നശിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞു. രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടതില്‍ ഒരു നാണക്കേടും തോന്നുന്നില്ല. കാരണം നിരവധി സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് മേല്‍ അക്കാലത്ത് ചുമത്തിയ കുറ്റമാണ് രാജ്യദ്രോഹം. ആ പേരുകളുടെ കൂടെ ആണ് ഇപ്പോള്‍ ഞങ്ങളും ടെ പേരും എഴുതി ചേര്‍ത്തിരിക്കുന്നത് എന്നും ഉമര്‍ ഖാലിദ് പ്രസംഗിച്ചു. ഇപ്പോഴത്തെ സര്‍ക്കാര്‍ ആദിവാസി വിരുദ്ധരും, ദലിത് വിരുദ്ധരും, മനുഷ്യത്വ വിരുദ്ധരും. സ്ത്രീ വിരുദ്ധരുമാണ്.
മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിനെ പോലെ ദേശ സ്‌നേഹിയായ മുസ്ലീമാകാന്‍ ശ്രമിച്ചുകൂടേ എന്ന് പൊലീസ് തന്നോട് ചോദിച്ചതായി ഉമര്‍ പറഞ്ഞു. തന്നോടുള്ളതിനേക്കാള്‍ ഇരട്ടി ദേഷ്യത്തോടെ ആണ് അനിര്‍ബന്‍ ഭട്ടാചാര്യയോട് പൊലീസ് പെരുമാറിയതെന്നും ഉമര്‍ പറഞ്ഞു. ഭട്ടാചാര്യ എന്ന പേരുള്ള ആള്‍ എങ്ങനെ ഇത്തരത്തിലൊരു കേസില്‍ പ്രതിയായെന്നായിരുന്നു പൊലീസിന്റെ ചോദ്യം. അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നിരവധി പേരാണ് ഇരുവര്‍ക്കും നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തത്. ദേശീയ പതാക പതിപ്പിച്ച 251 രൂപയുടെ ഫോണാണ് നിങ്ങള്‍ ഉദ്ദേശിക്കുന്ന രാജ്യ സ്‌നേഹം എങ്കില്‍ ഞങ്ങള്‍ രാജ്യ സ്‌നേഹികള്‍ അല്ലെന്ന് അനിര്‍ബന്‍ ഭട്ടാചാര്യ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കി എന്ന് പറഞ്ഞ് ടെലിവിഷന്‍ അവതാരകര്‍ തിളയ്ക്കുന്നു. എന്നാല്‍ ആദിവാസികള്‍ കൊല്ലപ്പെടുമ്പോഴും കലാപങ്ങളില്‍ ആയിരങ്ങള്‍ മരിച്ച് വീഴുമ്പോഴും ഇവര്‍ മൗനം പാലിക്കുന്നു എന്നും അനിര്‍ബന്‍ ഭട്ടാചാര്യ പറഞ്ഞു.