ജെഎന്‍യുവിലെ മലയാളി പ്രഫസറെയും സംഘ്പരിവാര്‍ വെറുതെ വിടുന്നില്ല; പ്രഫ. നിവേദിത മേനോന്‍ രാജ്യദ്രോഹ പ്രസ്താവന നടത്തിയതായി എബിവിപി

ന്യൂഡല്‍ഹി: ജെഎന്‍യുവിലെ മലയാളി പ്രൊഫസര്‍ക്കെതിരെയും സംഘ്പരിവാര്‍ രംഗത്ത്. രാജ്യദ്രോഹപരമായ പ്രസ്താവന നടത്തിയെന്നാരോപിച്ചു. പ്രഫസര്‍ നിവേദിതാ മേനോനെതിരെ എബിവിപി വസന്ത്കുഞ്ജ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ ജോയിന്റ് സെക്രട്ടറിയും യൂണിയനിലെ എബിവിപിയുടെ ഏക പ്രതിനിധിയുമായ സൗരഭ് ശര്‍മയാണു പരാതി നല്‍കിയത്. കശ്മീരിനെക്കുറിച്ചു പ്രൊഫസര്‍ നിവേദിതാ മേനോന്‍ രാജ്യദ്രോഹപരമായ പ്രസ്താവന നടത്തിയെന്നാണു പരാതിയില്‍ പറഞ്ഞിരിക്കുന്നത്. അതുപോലെ അഫ്‌സല്‍ഗുരു അനുസ്മരണച്ചടങ്ങു നടത്താന്‍ അനുവദിച്ചതിനാലാണ് ആ ചടങ്ങില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നത്. അതിനും ബന്ധപ്പെട്ടവര്‍ക്കെതിരെ കേസെടുക്കണം. താന്‍ ജെഎന്‍യു ഭരണസമിതിക്കു നേരത്തേ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണു പൊലീസില്‍ പരാതി നല്‍കിയതെന്നു സൗരഭ് ശര്‍മ അറിയിച്ചു. താന്‍ പറഞ്ഞതിലൊന്നും ദേശവിരുദ്ധതയില്ലെന്ന് നിവേദിതാ മേനോന്‍ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.