ജെഎന്‍യു വിദ്യാര്‍ത്ഥികളായ കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ള അഞ്ച്‌പേരെ ബഹിഷ്‌കരിക്കണമെന്ന് അന്വേഷണ കമ്മിറ്റി; വിദ്യാര്‍ത്ഥികളില്‍ നിന്നും പിഴ ഈടാക്കും

ന്യൂഡല്‍ഹി: ജെഎന്‍യു ക്യാമ്പസില്‍  അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയതിന്റെ പേരില്‍ കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ള അഞ്ചുപേരെ ബഹിഷ്‌കരിക്കണമെന്ന് അന്വേഷണ കമ്മിറ്റിയുടെ ശുപാര്‍ശ. കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെയും മറ്റുരണ്ടുപേരെയും ബഹിഷ്‌കരിക്കണമെന്നാണ് ശുപാര്‍ശ. കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ള ചില വിദ്യാര്‍ഥികളില്‍ നിന്നും പിഴ ഈടാക്കാനും ഈ അഞ്ചംഗ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കമ്മിറ്റിയുടെ ശുപാര്‍ശ പരിശോധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് ചീഫ് പ്രോക്ടറാണ്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 9ലെ പരിപാടിയുടെ പേരില്‍ യൂണിവേഴ്‌സിറ്റി ചട്ടങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് 21 വിദ്യാര്‍ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നോട്ടീസ് സ്വീകരിക്കാന്‍ വിദ്യാര്‍ഥികള്‍ വിസമ്മതിച്ചു. ‘ഞങ്ങളുടെ ഭാഗം കേള്‍ക്കാതെ ഒരു അന്വേഷണ സമിതിക്ക് എങ്ങനെ ഒരു നിഗമനത്തില്‍ എത്താനാവും’ കാരണം കാണിക്കല്‍ നോട്ടീസ് സ്വീകരിക്കാന്‍ വിസമ്മതിച്ചുകൊണ്ട് വിദ്യാര്‍ഥിയായ ആനന്ദ് ചോദിച്ചു. മാര്‍ച്ച് 16നു മുമ്പ് ചീഫ് പ്രോക്ടറുടെ ഓഫീസില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ക്കു നോട്ടീസ് നല്‍കിയിരിക്കുന്നത്. മറുപടി നല്‍കിയില്ലെങ്കില്‍ അവര്‍ക്ക് പറയാന്‍ ഒന്നുമില്ലെന്ന നിഗമനത്തില്‍ തങ്ങള്‍ എത്തിച്ചേരുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്. മാര്‍ച്ച് 11നാണ് അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ടു സമര്‍പ്പിച്ചത്. തിങ്കളാഴ്ച വൈസ് ചാന്‍സലര്‍ എം ജഗദേഷ് കുമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നിരുന്നു.

© 2024 Live Kerala News. All Rights Reserved.