#JusticeForJisha ജിഷ കൊല്ലപ്പെട്ട് എട്ടുദിവസം പിന്നിട്ടിട്ടും പൊലീസിന്റെ ഇരുട്ടില്‍ തപ്പല്‍ തുടരുന്നു; കേസില്‍ ഒരു തുമ്പും കിട്ടിയില്ല; അന്വേഷണം വൈകിയത് പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചു

പെരുമ്പാവൂര്‍: ദളിത് വിദ്യാര്‍ഥിനി ജിഷയെ നിഷ്ഠൂരമായി കൊല്ലപ്പെടുത്തിയിട്ട് എട്ടുദിവസങ്ങള്‍ പിന്നിടുമ്പോഴും കേസില്‍ ഒരു തുമ്പും കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നു്. പ്രതിയെ കുറിച്ച് ഇതുവരെയും കൃത്യമായ ഒരു സൂചന പോലീസിന് എവിടെ നിന്നും ലഭിച്ചിട്ടില്ല. ആദ്യ ദിവസങ്ങളില്‍ കൃത്യമായ നിലയില്‍ അന്വേഷണം നടക്കാത്ത് പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചു. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് സംഭവത്തെ ഗൗരവമായി എടുത്തത് തന്നെ. അതും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്ത ശേഷം. മരണത്തില്‍ സംശയം ഉയര്‍ന്നിരുന്നെങ്കിലും പ്രാഥമിക തെളിവുശേഖരണം പോലും കൃതൃമായി നടത്താന്‍ പോലീസിന് സാധിച്ചില്ല. ഇത് പ്രതിക്ക് ഗുണകരമായിത്തീര്‍ന്നു. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ തീര്‍ത്ത് മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് പിജി വിദ്യാര്‍ത്ഥിയാണെന്ന ആരോപണവും നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത് നിഷേധിക്കുന്നുണ്ട്. അസോസിയേറ്റ് പ്രൊഫസറുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ജിഷയുടെ മരണം ശ്വാസം മുട്ടിയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. ജിഷയുടെ ശരീരത്തില്‍ ആഴത്തില്‍ ഉള്ള 38 മുറിവുകള്‍ ഉള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വളരെ ക്രൂരമായ കൊലപാതകമാണ് നടന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്. പ്രതിയെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്തത് പൊലീസിനും സര്‍ക്കാറിനും ഒരുപോലെ തലവേദന സൃഷ്ടിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.