അരുവിക്കര നാളെ വിധി എഴുതും.. പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി, വോട്ട് ഉറപ്പിക്കാൻ അവസാന ശ്രമത്തിൽ സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: ശനിയാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കര മണ്ഡലത്തിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി. രാവിലെ നെടുമങ്ങാട് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലാണ് പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങിയത്. സ്ഥാനാർത്ഥികൾക്ക് ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. വോട്ട് ഉറപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. നാളെ രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി തിരഞ്ഞെടുപ്പ് അധികൃതർ പറഞ്ഞു. കേന്ദ്രസേനയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും പോളിംഗ് ബൂത്തുകളിൽ നിയോഗിച്ചു. സ്ഥാനാർത്ഥികളുടെ ഫോട്ടോ വോട്ടിംഗ് മെഷീനിൽ ബാലറ്റ് പേപ്പറിന്റെ സ്ഥാനത്ത് ഉൾപ്പെടുത്തുന്ന ആദ്യ തിരഞ്ഞെടുപ്പു കൂടിയാണിത്. വോട്ടെടുപ്പിനുശേഷം വോട്ടിംഗ് മെഷീനുകൾ നെടുമങ്ങാട് ഗേൾസ് സ്കൂളിൽ ശേഖരിച്ച് വോട്ടെണ്ണൽ കേന്ദ്രമായ തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ എത്തിക്കും. 30നാണ് വോട്ടെണ്ണൽ.

കേരളം ഉറ്റുനോക്കുന്ന ഉപതിരഞ്ഞെടുപ്പാണ് അരുവിക്കരയിലേത്. ഇവിടത്തെ ഫലം രാഷ്ട്രീയകേരളത്തിന്റെ ഗതിയെ തന്നെ മാറ്റിമറിച്ചേക്കാം. അതുകൊണ്ടുതന്നെ അരുവിക്കരയിൽ പ്രചാരണം തിളച്ചു മറിഞ്ഞിരുന്നു. മുൻനിര നേതാക്കളെല്ലാം പ്രചാരണത്തിൽ ആദ്യാവസാനം സജീവമായിരുന്നു. അതിനിടെ വിവാദ വിഷയങ്ങളും കടന്നുവന്നു. വാക്പോരുകളും രൂക്ഷമായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു അരുവിക്കരയിലേത്. അതിനാൽ ആർക്കാണ് മുൻതൂക്കം എന്നത് പ്രവചനാതീതം. യു.ഡി.എഫിൽ നിന്ന് കെ.എസ്. ശബരീനാഥൻ, എൽ.ഡി.എഫിൽ നിന്ന് എം. വിജയകുമാർ, ബി.ജെ.പിയിൽ നിന്ന് ഒ. രാജഗോപാൽ എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ. കൂടാതെ പി.സി. ജോർജിന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ മുന്നണി സ്ഥാനാർത്ഥി കെ. ദാസ്, പി.ഡി.പി സ്ഥാനാർത്ഥി പൂന്തുറ സിറാജ് അടക്കമുള്ളവരും രംഗത്തുണ്ട്.

© 2024 Live Kerala News. All Rights Reserved.