പൂനെ: ഐപിഎല്‍ മത്സരത്തില്‍ റൈസിങ് പുനെ സൂപ്പര്‍ ജയന്റ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴേ്‌സിന് രണ്ടു വിക്കറ്റ് ജയം. ഭാഗ്യം ഇത്തവണയും ധോണിയുടെ റൈസിംഗ് പൂനെയെ തുണച്ചില്ല. ആദ്യം ബാറ്റു ചെയ്ത പൂനെ ഉയര്‍ത്തിയ 160 റണ്‍സ് മൂന്നു പന്തുകള്‍ ശേഷിക്കെ ഗൗതം ഗംഭീറിന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മറികടന്നു. അജിങ്ക്യ രഹാനെയുടെ അര്‍ദ്ധ സെഞ്ച്വറിയാണ് റൈസിംഗ് പൂനെയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. 52 പന്തില്‍ നിന്നും 67 റണ്‍സാണ് അജിങ്ക്യ നേടിയത്. 28 പന്തില്‍ നിന്നും 31 റണ്‍സെടുത്ത് സ്മിത്തും പുറത്താകാതെ പന്ത്രണ്ട് പന്തില്‍ നിന്നും 23 റണ്‍സ് നേടി ധോണിയും താരതമ്യേന ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് തുടക്കം പിഴച്ചു. ഓപ്പണര്‍ റോബിന്‍ ഉത്തപ്പയെ മോര്‍ക്കര്‍ പൂജ്യത്തിന് എല്‍ബിഡബ്യൂവില്‍ കുടുക്കി. അഞ്ച് റണ്‍സെടുത്ത് ഗംഭിറും പുറത്തായതോടെ കൊല്‍ക്കത്തയുടെ നില പരിങ്ങലിലായി. തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവാണ് കൊല്‍ക്കത്തയെ തോല്‍വിയില്‍ നിന്നും കരയിലെത്തിച്ചത്. 49 പന്തില്‍ നിന്നും 60 റണ്‍സെടുത്ത സൂര്യകുമാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 27 പന്തില്‍ നിന്നും 36 റണ്‍സെടുത്ത് യൂസഫ് പത്താനും അവസരം പാഴാക്കിയില്ല.