ഗുജറാത്ത് ലയണ്‍സിന് ആറു വിക്കറ്റ് ജയം; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തോല്‍വി

കാന്‍പുര്‍: ഐപിഎല്‍ മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഗുജറാത്ത് ലയണ്‍സിന് ആറു വിക്കറ്റ് ജയം. വിന്‍ഡീസ് താരം സ്മിത്ത് നാല് ഓവറില്‍ വെറും എട്ടു റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. കൊല്‍ക്കത്ത 20 ഓവറില്‍ എട്ടിന് 124. ഗുജറാത്ത്13.3 ഓവറില്‍ നാലിന് 125.
ടോസ് നേടി കൊല്‍ക്കത്തയെ ബാറ്റിങ്ങിന് അയച്ച ഗുജറാത്ത് അവരെ നിലയുറപ്പിക്കാനേ അനുവദിച്ചില്ല. ക്യാപ്റ്റന്‍ ഗൗതം ഗംഭീറും (8) റോബിന്‍ ഉത്തപ്പയും (25) നാലാം ഓവറില്‍ വേര്‍പിരിഞ്ഞു. ടീം സ്‌കോര്‍ അമ്പതു തികയുന്നതിനു മുന്‍പേ മനീഷ് പാണ്ഡെയെയും (1) ഉത്തപ്പയെയും (25) മടക്കി സ്മിത്ത് കൊല്‍ക്കത്തയെ പ്രതിസന്ധിയിലാക്കി. യൂസഫ് പഠാന്‍ (36) ഒരറ്റത്തു നിന്നെങ്കിലും മറുഭാഗത്തു വിക്കറ്റ് കൊയ്ത്തായിരുന്നു. പീയൂഷ് ചൗളയെയും (11) ഷാക്കിബ് അല്‍ ഹസനെയും (3) സ്മിത്ത് തന്നെ മടക്കി. പഠാനും സൂര്യകുമാര്‍ യാദവും (17) ചേര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണു കൊല്‍ക്കത്തയെ നൂറു കടത്തിയത്. കുല്‍ക്കര്‍ണി, ബ്രാവോ, ജഗതി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ഗുജറാത്തിന് ആദ്യ പന്തില്‍ തന്നെ സ്മിത്തിനെ നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയുടെ അര്‍ധ സെഞ്ചുറി (53) അവരെ ജയത്തിലെത്തിച്ചു. മക്കുല്ലം (6), കാര്‍ത്തിക് (12), ഫിന്‍ഞ്ച് (26), ജഡേജ (11) എന്നിങ്ങനെയായിരുന്നു ഗുജറാത്തിന്റെ സ്‌കോറിങ്ങ്. കല്‍ക്കത്തയ്ക്ക് വേണ്ടി രജ്പൂത്ത്, നരേന്‍, മോര്‍ക്കല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

© 2024 Live Kerala News. All Rights Reserved.