ഐപിഎല്‍ കിരീടം ഹൈദരാബാദ് സണ്‍ റൈസേഴ്‌സിന്; ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് പോരാടിത്തോറ്റു

ബാംഗ്ലൂര്‍: ഐപിഎല്‍ മത്സരത്തില്‍ കന്നി കിരീടം ഹൈദരാബാദ് സണ്‍ റൈസേഴ്‌സ് കരസ്ഥമാക്കി. സകല ആവേശവും ആവാഹിച്ച മത്സരത്തില്‍ കരുത്തരായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ എട്ടു റണ്‍സിനു പരാജയപ്പെടുത്തി . മുന്നില്‍ നിന്നു പടനയിച്ച ഡേവിഡ് വാര്‍ണറുടെ മികവിലായിരുന്നു സണ്‍റൈസേഴ്‌സിന്റെ തകര്‍പ്പന്‍ വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ഹൈദരാബാദിനു മിന്നും തുടക്കമാണ് ലഭിച്ചത്. സിംഗിളുകളിലൂടെ ശിഖര്‍ ധവാന്‍ സ്‌ട്രൈക്ക് കൈമാറിയപ്പോള്‍ കൂറ്റനടികളിലായിരുന്നു വാര്‍ണറിന്റെ ശ്രദ്ധ. ക്രിസ് ഗെയ്‌ലിനെ ശ്രീനാഥ് അരവിന്ദിനൊപ്പം ന്യൂബോള്‍ പങ്കാളിയാക്കിയ കൊഹ്ലിയുടെ തന്ത്രം വേണ്ടത്ര ക്ലിക്കായില്ല. ബാംഗ്ലൂര്‍ ബൗളര്‍മാര്‍ കൈയയച്ച് സഹായിച്ചതോടെ ഹൈദരാബാദിന്റെ പവര്‍പ്ലേ ഓവറുകള്‍ ബഹുകേമമായി. ആറാം ഓവറില്‍ സ്‌കോര്‍ 50 പിന്നിട്ടു. സീസണിലെ ബാംഗ്ലൂരിന്റെ മികച്ച ബൗളറായ യുഷ്‌വേന്ദ്ര ചാഹലിനെ പന്തേല്‍പിച്ച വിരാടിന്റെ നീക്കം ഫലിച്ചു. ഏഴാം ഓവറിലെ നാലാംപന്തില്‍ ക്രിസ് ജോര്‍ദാന്‍ പിടിച്ച് ധവാന്‍ (28) പുറത്ത്. പങ്കാളിയെ നഷ്ടപ്പെട്ടെങ്കിലും വാര്‍ണറിന്റെ വീര്യം കുറഞ്ഞില്ല. മോയിസ് ഹെന്റിക്വസിനെ മറുവശത്ത് കാഴ്ച്ചക്കാരനാക്കി ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു വാര്‍ണര്‍. 24ാം പന്തില്‍ വാര്‍ണര്‍ അര്‍ധസെഞ്ചുറിയും തികച്ചു. തൊട്ടുപിന്നാലെ ഹെന്റിക്‌സ് (4) വീണു. ക്രിസ് ജോര്‍ദനായിരുന്നു വിക്കറ്റ്. ആരവങ്ങള്‍ക്കിടയില്‍ ക്രീസിലെത്തിയ യുവരാജ് സിംഗ് തകര്‍പ്പന്‍ ഫോമിലായിരുന്നു. 11ാം ഓവറില്‍ ഹൈദരാബാദ് 100 പിന്നിട്ടു.

13ാം ഓവറിലെ മൂന്നാംപന്തില്‍ വാര്‍ണര്‍ വീണു. ഇക്ബാല്‍ അബ്ദുള്ളയ്ക്കു ക്യാച്ച് നല്കി പുറത്താകുംമുമ്പ് ക്യാപ്റ്റന്റെ ബാറ്റില്‍നിന്ന് പിറന്നത് 69 റണ്‍സ്. കേവലം 38 പന്തില്‍ മൂന്നു കൂറ്റന്‍ സിക്‌സറുകളും എട്ടു ബൗണ്ടറികളും ഇന്നിംഗ്‌സിനു ചാരുതയേകി. വാര്‍ണര്‍ പുറത്തായതോടെ ബാംഗ്ലൂര്‍ പിടിമുറുക്കി. ദീപ് ഹൂഡ (3), യുവരാജ് സിംഗ് (38), നമന്‍ ഓജ (7) എന്നിവര്‍ തുടര്‍ച്ചയായ ഓവറുകളില്‍ പുറത്താകുകയും ചെയ്തതോടെ ഹൈദരാബാദ് നിലയില്ലാക്കയത്തിലേക്കു വീണെന്നു കരുതിയതാണ്. എന്നാല്‍, ബെന്‍ കട്ടിംഗ് രക്ഷകന്റെ റോളില്‍ അവതരിക്കുന്നതിനാണ് ചിന്നസ്വാമി സ്റ്റേഡിയം പിന്നീട് സാക്ഷ്യം വഹിച്ചത്. തലങ്ങും വിലങ്ങും പന്തിനെ പ്രഹരിച്ച് കട്ടിംഗ് മുന്നേറിയതോടെ സ്‌കോര്‍ അതിവേഗം ഉയര്‍ന്നു. വിദൂരലക്ഷ്യത്തില്‍പ്പോലും 200 കടക്കാമെന്ന പ്രതീക്ഷ ഹൈദരാബാദിനില്ലായിരുന്നു. എന്നാല്‍ അവസാന മൂന്ന് ഓവറുകളില്‍ 50 റണ്‍സ് അടിച്ചെടുത്തതോടെ ബാറ്റിംഗ് പറുദീസയില്‍ ഏഴിന് 208ല്‍ ഹൈദരാബാദ് ഇന്നിങ്‌സ് പൂര്‍ത്തിയാക്കി. 15 പന്തില്‍ നാലു സിക്‌സറും മൂന്ന് ഫോറും അടക്കം 38 റണ്‍സാണ് കട്ടിംഗിന്റെ സംഭാവന. നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ അരവിന്ദാണ് ബാംഗ്ലൂര്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിനു വേണ്ടി ക്രിസ് ഗെയ്‌ലും വിരാട് കൊഹ്ലിയും ചേര്‍ന്നു സ്വപ്നതുല്യതുടക്കമാണ് നല്‍കിയത്. അനായാസം ജയിക്കുമെന്ന അവസ്ഥയിലെത്തിക്കാന്‍ ഇരുവര്‍ക്കുമായി. എന്നാല്‍, പെട്ടെന്നാണ് കാര്യങ്ങള്‍ തകിടം മറിച്ചത്. 38 പന്തില്‍ നാലു ബൗണ്ടറിയും എട്ടു സിക്‌സുമടക്കം 76 റണ്‍സ് നേടിയ ക്രിസ് ഗെയ്ല്‍ പുറത്ത്. തൊട്ടുപിന്നാലെ 35 പന്തില്‍ 54 റണ്‍സ് നേടിയ കൊഹ്ലിയും പുറത്തായതോടെ ബാംഗളൂരിന്റെ തകര്‍ച്ചയാരംഭിച്ചു. പിന്നീടു വന്ന ബാറ്റ്‌സ്മാന്മാര്‍ക്കാര്‍ക്കും അവസരത്തിനൊത്ത് ഉയരാകാതെ വന്നതോടെ ബാംഗളൂര്‍ പരാജയം സമ്മതിച്ചു. ഹൈദരാബാദിനു വേണ്ടി ബെന്‍ കട്ടിംഗ് രണ്ടു വിക്കറ്റ് നേടി.

© 2024 Live Kerala News. All Rights Reserved.