ഗുജറാത്ത് ലയണ്‍സിനെ നാല് വിക്കറ്റിന് ബാംഗ്ലൂര്‍ തകര്‍ത്തു; റോയല്‍ ചലഞ്ചേഴ്‌സ് ഫൈനലില്‍

ബാംഗ്ലൂര്‍: ഗുജറാത്ത് ലയണ്‍സിനെ നാല് വിക്കറ്റിന് തകര്‍ത്ത് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഐപിഎല്‍ മത്സരത്തില്‍ ഫൈനലില്‍ കടന്നു. ഗുജറാത്ത് ലയണ്‍സിനെതിരെ 159 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന ചലഞ്ചേഴ്‌സിന്റെ ബാറ്റിങ് ഹീറോ വിരാട് കോലി പൂജ്യനായി മടങ്ങി. ഗെയിലും(9), വാട്‌സണും(1), രാഹുലും(0), സച്ചിന്‍ ബേബിയും(0) പരാജയമായപ്പോള്‍ ആതിഥേയര്‍ 5.3 ഓവറില്‍ അഞ്ചിന് 29 എന്ന സ്‌കോറിലേക്ക് തകര്‍ന്നു.

അക്ഷോഭ്യനായി ക്രീസില്‍ നിന്ന ഡിവിലിയേഴ്‌സിന് ഒരു പങ്കാളിയെ മതിയായിരുന്നു. 15 പന്തില്‍ 21 റണ്‍സെടുത്ത് ബിന്നി കൂടി മടങ്ങിയതോടെ ലയണ്‍സ് വിജയമുറപ്പിച്ചു. പക്ഷേ എബിഡി വിട്ടുകൊടുക്കാന്‍ തയാറല്ലായിരുന്നു. വാലറ്റത്ത് ഇക്ബാല്‍ അബ്ദുള്ള സിംഗിളുകള്‍ എടുത്ത് ഡിവിലിയേഴ്‌സിന് സ്‌ട്രൈക്ക് നല്‍കി. കിട്ടിയ അവസരങ്ങളിലെല്ലാം ഈ ദക്ഷിണാഫ്രിക്കന്‍ താരം റണ്‍സ് വാരി. 47 പന്തില്‍ 79 റണ്‍സുമായി ഡിവിലിയേഴ്‌സ് പുറത്താകാതെ നിന്നു. മറുവശത്ത് തുടക്കത്തില്‍ സിംഗിളുകള്‍ മാത്രമെടുത്ത അബ്ദുള്ള 17, 18 ഓവറുകളില്‍ തുടര്‍ച്ചയായി ബൗണ്ടറികള്‍ നേടി. ഒടുവില്‍ 10 പന്ത് ശേഷിക്കെ ബാംഗ്ലൂര്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു.

നാല് ഓവറില്‍ 14 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ ധവാല്‍ കുല്‍ക്കര്‍ണിയാണ് ചലഞ്ചേഴ്‌സ് മുന്‍നിരയെ തകര്‍ത്തത്. ഈ കളിയില്‍ തോറ്റെങ്കിലും കലാശക്കളിക്ക് യോഗ്യത നേടാന്‍ ഗുജറാത്ത് ലയണ്‍സിന് ഒരുവസരം കൂടിയുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിലെ വിജയികളുമായി ഏറ്റുമുട്ടി വിജയിച്ചാലും ഫൈനല്‍ കളിക്കാം.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ലയണ്‍സ് നിശ്ചിത 20 ഓവറില്‍ 158 റണ്‍സിന് ആള്‍ഔട്ടായി. ഒമ്പത് റണ്‍സിനിടെ മൂന്നു മുന്‍നിര ബാറ്റ്‌സ്മാന്മാരെ നഷ്ടപ്പെട്ടിട്ടും മധ്യനിരയുടെ കരുത്തിലാണ് ലയണ്‍സ് 158 ലെത്തിയത്. 41 പന്തില്‍ 73 റണ്‍സ് നേടിയ ഡ്വെയിന്‍ സ്മിത്തിന്റെ മികച്ച ഇന്നിങ്‌സാണ് അവര്‍ക്ക് കരുത്തായത്. ദിനേഷ് കാര്‍ത്തിക്ക്(26), ഏകലവ്യ ത്രിവേദി(19) എന്നിവര്‍ മികച്ച പിന്തുണ നല്‍കി. മക്കല്ലം(1), ഫിഞ്ച്(4), റെയ്‌ന(1) എന്നിവര്‍ വന്നപോലെ മടങ്ങി. ഷെയിന്‍ വാട്‌സണ്‍ നാല് ഓവറില്‍ 29 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തി.

© 2024 Live Kerala News. All Rights Reserved.