മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സ് ഇലവന് വീണ്ടും തോല്‍വി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആറു വിക്കറ്റ് വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു.മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 17.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് നേടി ലക്ഷ്യം കണ്ടു. 8.3 ഓവറില്‍ 82 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഒന്നാം വിക്കറ്റില്‍ കസറിയ റോബിന്‍ ഉത്തപ്പഗൗതം ഗംഭീര്‍ കൂട്ടുകെട്ടാണ് കൊല്‍ക്കത്തയ്ക്ക് മികച്ച ജയം സമ്മാനിച്ചത്. ഉത്തപ്പ 28 പന്തില്‍ നിന്ന് ഒമ്പതു ബൗണ്ടറികളോടെ 53 റണ്‍സ് നേടിയപ്പോള്‍ 34 പന്തില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 34 റണ്‍സായിരുന്നു ഗംഭീറിന്റെ സമ്പാദ്യം. മനീഷ് പാണ്ഡെ(12), ഷാക്കീബ് അല്‍ ഹസന്‍(11) എന്നിവരുടെ വിക്കറ്റുകളാണ് കൊല്‍ക്കത്തയ്ക്ക് പിന്നീട് നഷ്ടമായത്. കളിവസാനിക്കുമ്പോള്‍ 11 റണ്‍സുമായി സൂര്യകുമാര്‍ യാദവും 12 റണ്‍സുമായി യൂസഫ് പഠാനുമായിരുന്നു ക്രീസില്‍. ജയത്തോടെ പോയിന്റ് നിലയില്‍ ഗുജറാത്ത് ലയണ്‍സിനെ പിന്തള്ളി ഒന്നാമതെത്താനും കൊല്‍ക്കത്തയ്ക്കായി. കളിച്ച നാലു മത്സരങ്ങളില്‍ മൂന്നിലും തോറ്റ പഞ്ചാബ് അവസാന സ്ഥാനത്താണ്. നേരത്തെ കൊല്‍ക്കത്തയുടെ കൃത്യതയാര്‍ന്ന ബൗളിങ്ങിനു മുന്നില്‍ പഞ്ചാബ് ബാറ്റിങ് നിര ചൂളുകയായിരുന്നു. 41 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 56 റണ്‍സ് നേടി പുറത്താകാതെ നിന്ന ഷോണ്‍ മാര്‍ഷ് മാത്രമാണ് പഞ്ചാബ് നിരയില്‍ ഉത്തരവാദിത്ത ബോധത്തോടെ ബാറ്റുവീശിയത്. മാര്‍ഷിനു പുറമേ 26 റണ്‍സ് നേടിയ ഓപ്പണര്‍ മുരളി വിജയിയും 12 റണ്‍സ് നേടിയ പത്താമന്‍ കൈല്‍ അബോട്ടും മാത്രമാണ് പഞ്ചാബ് നിരയില്‍ രണ്ടക്കം കടന്നത്. മനാന്‍ വോറ(8), ഡേവിഡ് മില്ലര്‍(6), ഗ്ലെന്‍ മാക്‌സ്വെല്‍(4) എന്നീ പ്രമുഖര്‍ നിരാശപ്പെടുത്തിയതും അവര്‍ക്ക് തിരിച്ചടിയായി.