പരവൂര്‍ വെടിക്കെട്ട് സംഭവത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; പുനധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് 117 കോടി രൂപ നല്‍കണമെന്നും മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെടും

തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് 117 കോടി രൂപ ധനസഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പരിക്കേറ്റവരുടെ ചികിത്സ, വീടുകളും കിണറുകളും തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരം, ജോലിചെയ്യാന്‍ സാധിക്കാത്തവിധം അംഗവൈകല്യം സംഭവിച്ചവരുടെ പുനരധിവാസം തുടങ്ങിയവയ്ക്കാണ് കേന്ദ്രധനസഹായം തേടുന്നതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പരിക്കേറ്റ പലര്‍ക്കും ഇനി ജീവിതകാലം മുഴുവന്‍ ജോലിചെയ്യാന്‍ കഴിയില്ല. പരിക്കേല്‍ക്കാത്ത പലര്‍ക്കും ശ്രവണ വൈകല്യം അടക്കമുള്ള പ്രശ്‌നങ്ങളുണ്ട്, പ്രദേശത്തെ വീടുകള്‍ക്കും കിണറുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടണ്ട്. സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ മന്ത്രിസഭാ ഉപസമിതി ദുരന്തമുണ്ടായ പ്രദേശം സന്ദര്‍ശിക്കുകയും ജനങ്ങളുമായി നേരിട്ട് സംസാരിക്കുകയും ചെയ്തിരുന്നു. പ്രദേശത്തെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥരോടും നിര്‍ദ്ദേശിച്ചിരുന്നു. മന്ത്രിസഭാ ഉപസമിതിയും ഉദ്യോഗസ്ഥരും നല്‍കിയ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് കേന്ദ്രസഹായമായി 117 കോടി ആവശ്യപ്പെടാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

© 2024 Live Kerala News. All Rights Reserved.