തിരുവനന്തപുരം; പ്രധാനമന്ത്രി നരേന്ദ്രമോഡിയും രാഹുല്‍ഗാന്ധിയും വെടിക്കെട്ട് ദുരന്തത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തിയത് ചികിത്സക്രമങ്ങള്‍ താളം തെറ്റുന്നതിന് കാരണമായതായി ആരോഗ്യവകുപ്പ് ഡയറക്ടറുടെ വിമര്‍ശനം. മോഡിക്കും രാഹുലിനുമൊപ്പം നൂറുകണക്കിനാളുകള്‍ വാര്‍ഡുകളില്‍ കയറി. പൊള്ളലേറ്റതിനാല്‍ അണുബാധയുണ്ടാകുമെന്ന മുന്നറിയിപ്പ് അവഗണിച്ചായിരുന്നിത്. വിവിഐപികളുടെ സന്ദര്‍ശനംമൂലം പലപ്പോഴായി ചികിത്സ തടസ്സപ്പെട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരെപോലും സുരക്ഷയുടെ പേരില്‍ പുറത്തുനിര്‍ത്തിയെന്നും അദേഹം ആരോപിച്ചു. ഇതിനിടെ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സ്ഥലം തഹസില്‍ദാര്‍ രംഗത്ത് വന്നു. വെടിക്കെട്ടിന്റെ തീവ്രത കണക്കിലെടുത്ത് നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഇക്കാര്യം പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോയി പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും തഹസില്‍ദാര്‍ പറഞ്ഞു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നാല് കരിമരുന്ന് തൊഴിലാളികളെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു.