പരവൂരില്‍ വെടിക്കെട്ട് നിര്‍ത്തിവെയ്ക്കാന്‍ പൊലീസ് ഏഴുതവണ ആവശ്യപ്പെട്ടു; വെടിക്കെട്ടിന്റെ അരമണിക്കൂര്‍ മുമ്പും രണ്ട് പേര്‍ക്ക് പൊള്ളലേറ്റു; സംഘാടകന്‍ ലൗലിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ട് നിര്‍ത്തിവയ്ക്കാന്‍ ഏഴുതവണ പൊലീസ് ഫോണിലൂടെ നിര്‍ദേശം നല്‍കിയിട്ടും ഇത് അവഗണിച്ചത് സംഘാടകനായ ടിഎസ് ലൗലിയാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ദുരന്തത്തിന് അരമണിക്കൂര്‍ മുന്‍പു വെടിക്കെട്ടിന്റെ തീ വീണ് രണ്ടു പേര്‍ക്ക് പൊള്ളലേറ്റപ്പോഴായിരുന്നു പൊലീസ് ഇടപെട്ട് വെടിക്കെട്ട് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടത്. സംഘാടകനും അനൗണ്‍സറുമായ ടി.എസ്. ലൗലിയെ പരവൂര്‍ എസ്.ഐ. ജസ്റ്റിന്‍ ജോണ്‍ രണ്ടു തവണ വിളിച്ചു വെടിക്കെട്ട് നിര്‍ത്തണമെന്ന് നിര്‍ദേശിച്ചു. ഈ ആവശ്യം ഉന്നയിച്ച് സ്പെഷല്‍ ബ്രാഞ്ചില്‍ നിന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ നാലു പ്രാവശ്യം ലൗലിയെ വിളിച്ചു. ദുരന്തം നടക്കുന്നതിന് അഞ്ച് മിനിറ്റ് മുന്‍പ് സി.ഐ എസ്. ചന്ദ്രകുമാറും ലൗലിയെ വിളിച്ചു വെടിക്കെട്ട് നിര്‍ത്തണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി. ജസ്റ്റിന്‍ ജോണിന്റെ ഫോണിലാണ് സിഐ സംസാരിച്ചത്. ഫോണ്‍ വിളിയുടെ വിവരങ്ങള്‍ പരിശോധിച്ചശേഷം ക്രൈം ബ്രാഞ്ച് ലൗലിയെ ചോദ്യം ചെയ്യും.
8.20 ലക്ഷം രൂപയുടെ കരാറാണ് വെടിക്കെട്ടിന് നല്‍കിയിരുന്നത്. 4.10 ലക്ഷം രൂപ വീതമായിരുന്നു വര്‍ക്കല കൃഷ്ണന്‍കുട്ടിക്കും കഴക്കൂട്ടം സുരേന്ദ്രനും കരാര്‍. പരമ്പരാഗത രീതിയിലുള്ള വെടിക്കെട്ട് എന്ന രീതിയിലാണ് ആദ്യ കരാര്‍ ഒപ്പിട്ടിരുന്നതെങ്കിലും മല്‍സര വെടിക്കെട്ടിനായി രഹസ്യ കരാറിലും ഏര്‍പ്പെട്ടിരുന്നു. വെടിക്കെട്ടിന് അനുമതി തേടി ക്ഷേത്രം ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ എ. ഷൈനാമോളെ സമീപിച്ചപ്പോള്‍ സിറ്റി പൊലീസ് കമ്മിഷണര്‍ പി. പ്രകാശിനോട് വിശദമായ റിപ്പോര്‍ട്ട് തേടി. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം പരവൂര്‍ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് കരാറുകളുടെ പകര്‍പ്പുകള്‍ ലഭിച്ചത്. മല്‍സരവെടിക്കെട്ടാണ് നടക്കുന്നതെന്നും അനുമതി നല്‍കരുതെന്നും പരവൂര്‍ പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കമ്മിഷണര്‍ ഇതു കളക്ടര്‍ക്ക് കൈമാറി.തുടര്‍ന്ന് വെടിക്കെട്ട് നിരോധിച്ച് കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ വെടിക്കെട്ടിന് അനുകൂലമായ റിപ്പോര്‍ട്ടാണ് ഫയര്‍ഫോഴ്സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തഹസില്‍ദാര്‍ എന്നിവര്‍ നല്‍കിയത്.രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായാണ് ഇതര വകുപ്പുകള്‍ വെടിക്കെട്ടിന് ഗ്രീന്‍ സിഗ്നല്‍ നല്‍കിയതെന്നാണ് വിവരം. ലൗലിയെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ടെന്നാണ് വിവരം.

© 2024 Live Kerala News. All Rights Reserved.