വെടിക്കെട്ടിന് ശിപാര്‍ശ നല്‍കിയത് പൊലീസ് കമ്മീഷണര്‍; പിന്നീട് മലക്കം മറിഞ്ഞു; തെളിവുകള്‍ പുറത്ത്; ആഭ്യന്തര വകുപ്പ് പ്രതിക്കൂട്ടില്‍

കൊല്ലം: പരവൂര്‍ വെടിക്കെട്ടിന് ശുപാര്‍ശ നല്‍കിയത് പൊലീസ് കമ്മിഷണരാണെന്ന തെളിവുകള്‍ പുറത്ത്. ഏപ്രില്‍ എട്ടിന് കലക്ടര്‍ വെടിക്കെട്ട് നിരോധിച്ചശേഷമാണ് കമ്മീഷണറുടെ ശിപാര്‍ശ കത്ത് വരുന്നത്. ചാത്തന്നൂര്‍ എസിപിയുടെ ശുപാര്‍ശപ്രകാരമാണ് കമ്മീഷണറുടെ കത്ത്. ആചാരപരമായ വെടിക്കെട്ട് നടത്താന്‍ ലൈസന്‍സ് നല്‍കണമെന്നാണ് കമ്മീഷണര്‍ ആവശ്യപ്പെട്ടത്. ആദ്യം വെടിക്കെട്ടിനെതിരെ റിപ്പോര്‍ട്ട് നല്‍കിയ പൊലീസ് പിന്നീട് മത്സരക്കമ്പം ഒഴിവാക്കിയാല്‍ മതിയെന്ന റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഏപ്രില്‍ നാലിനായിരുന്നു വെടിക്കെട്ട് സംബന്ധിച്ച ആദ്യ റിപ്പോര്‍ട്ട് പോലീസ് നല്‍കിയത്. ഈ റിപ്പോര്‍ട്ടില്‍ വെടിക്കെട്ട് നടത്തരുതെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ നാലു ദിവസത്തിനു ശേഷം നല്‍കിയ രണ്ടാം റിപ്പോര്‍ട്ടില്‍ പൊലീസ് മലക്കംമറിയുകയായിരുന്നു. എപ്രില്‍ എട്ടിന് നല്‍കിയ റിപ്പോര്‍ട്ടില്‍ മത്സരക്കമ്പം ഒഴിവാക്കണമെന്ന് മാത്രമായിരുന്നു നിര്‍ദേശം. മറ്റ് സുരക്ഷാപ്രശ്‌നങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ചാത്തന്നൂര്‍ എസിപിയും പരവൂര്‍ എസ്‌ഐയും വെടിക്കെട്ടിനെ അനുകൂലിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. വെടിക്കെട്ട് ദുരന്തത്തെ സംബന്ധിച്ച് കൊല്ലം ജില്ലാ കളക്ടര്‍ എ ഷൈനമോള്‍ ഉന്നയിച്ച വിമര്‍ശങ്ങളെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതകരിച്ചില്ല.

© 2024 Live Kerala News. All Rights Reserved.