പരവൂര്‍ വെടിക്കെട്ടിനിടെയുള്ള സ്‌ഫോടന സമയത്ത് കമ്പക്കെട്ടുകാര്‍ അടിച്ചുപൂസായിരുന്നു; കമിഴ്ന്ന് കിടന്നതാണ് പൊള്ളലേല്‍ക്കാതെ രക്ഷപ്പെടാന്‍ കാരണമെന്നും മൊഴി

കൊല്ലം: പരവൂര്‍ ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയുള്ള സ്‌ഫോടനമുണ്ടായപ്പോള്‍ കമ്പക്കെട്ടുകാര്‍ അടിച്ചുപൂസായ അവസ്ഥയിലായിരുന്നു. ആശാന്മാര്‍ അടക്കമുള്ളവര്‍ ലഹരിയിലായിരുന്നതായാണ് മൊഴി. അറസ്റ്റിലായ തൊഴിലാളികളെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്. സ്ഫോടനം നടക്കുമ്പോള്‍ കമിഴ്ന്നുകിടന്നതാണ് തങ്ങള്‍ക്ക് പൊള്ളലേല്‍ക്കാതെ രക്ഷപ്പെടാന്‍ കാരണമായതെന്നും ഇവര്‍ മൊഴി നല്‍കി. സംഭവത്തില്‍ കസ്റ്റഡിയിലുള്ള കരാറുകാരന്‍ സുരേന്ദ്രന്റെ ആറു തൊഴിലാളികളാണ് ഈ വിവരം നല്‍കിയിട്ടുള്ളത്. സാധാരണഗതിയില്‍ മദ്യലഹരിയിലാണ് കമ്പക്കെട്ട് നടത്താറുള്ളതെന്നും ഇവര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലുള്ള കൂടുതല്‍ തൊഴിലാളികളെ പൊലീസ് തെരയുകയാണ്. സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ കരാറുകാരന്‍ സുരേന്ദ്രനും പിന്നീട് മരണമടഞ്ഞിരുന്നു. മറ്റൊരു കരാറുകാരന്‍ കൃഷ്ണന്‍കുട്ടിയേയും വെടിമരുന്ന് എത്തിച്ചു നല്‍കിയ വ്യാപാരി കൊല്ലം സ്വദേശി സിയാദിനെയും അറസ്റ്റ് ചെയ്തു. നിയമത്തെ നഗ്നമായി ലംഘിച്ച് മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് വെടിക്കെട്ട് നടത്തിയതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

© 2025 Live Kerala News. All Rights Reserved.