പരവൂര്‍ വെടിക്കെട്ട് ദുരന്തം; ഏത് അന്വേഷണത്തിനും സര്‍ക്കാര്‍ തയ്യാറാണെന്ന് ഉമ്മന്‍ചാണ്ടി; മന്ത്രിസഭാ ഉപസമിതി പരവൂര്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ഏത് അന്വേഷണം നടത്തുന്നതിനും സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭാ ഉപസമിതി നാളെ പരവൂര്‍ സന്ദര്‍ശിക്കും. മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാല്‍ ദുരന്തത്തിന്റെ ഉത്തരവാദി ആരെന്നതിനെപ്പറ്റി അഭിപ്രായം പറയുന്നില്ല. വിഷയം രാഷ്ട്രീയവത്കരിച്ചത് ദു:ഖകരമാണ്. ആഭ്യന്തരമന്ത്രി രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ചതും ദൗര്‍ഭാഗ്യകരമായിപ്പോയി. ദുരന്തവുമായി ബന്ധപ്പെട്ട തുടര്‍ നടപടികളെക്കുറിച്ച് പഠിക്കാന്‍ മൂന്ന് മന്ത്രിമാര്‍ ഉള്‍പ്പെട്ട ഉപസമതി രൂപവത്കരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ അടൂര്‍ പ്രകാശ്, ഷിബു ബേബിജോണ്‍, വി.എസ് ശിവകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഉപസമിതി നാളെ പരവൂര്‍ സന്ദര്‍ശിക്കും. ജനങ്ങളിന്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ആറിയും. ഉപസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ഭാവി നടപടികള്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.