തിരുവനന്തപുരം: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 113 ആയി. വെടിക്കെട്ടിനു നേതൃത്വം നല്‍കിയ മുഖ്യകരാറുകാരന്‍ കഴക്കൂട്ടം സ്വദേശി സുരേന്ദ്രന്‍ (67) മരിച്ചു. ശരീരത്തില്‍ 90 ശതമാനത്തോളം പൊള്ളലേറ്റ സുരേന്ദ്രന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബേണിങ് ഐസിയുവിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഡയാലിസിസിന് വിധേയനാക്കുകയും ചെയ്തിരുന്നു. സുരേന്ദ്രന്റെ മകന്‍ ഉമേഷിനെയും (35) ഞായറാഴ്ച പുലര്‍ച്ചെയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരുക്കുകള്‍ ഗുരുതരമല്ലാത്തതിനാല്‍ ഉമേഷിനെ ഉച്ചയോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. എന്നാല്‍, കൊല്ലം ശങ്കേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇളയ മകന്‍ ദീപു(33)വിനെക്കുറിച്ച് വിവരമില്ലെന്നാണു പൊലീസ് പറയുന്നത്. വര്‍ഷങ്ങളായി പടക്കക്കച്ചവടം നടത്തുന്ന സുരേന്ദ്രനും മക്കള്‍ക്കുമെതിരെ അനധികൃതമായി വെടിമരുന്നും പടക്കവും കൈവശം വച്ചതിന് കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്. സുരേന്ദ്രന്റെ പേരിലുള്ള ലൈസന്‍സ് കാലാവധി മാര്‍ച്ച് 31നു കഴിഞ്ഞിരുന്നു. ലൈസന്‍സ് പുതുക്കുന്നതിനായി ഉമേഷ് അപേക്ഷ സമര്‍പ്പിച്ചിരിക്കെയാണ് ലൈസന്‍സ് ഉണ്ടെന്ന വ്യാജേന വെടിക്കെട്ടിനു കരാര്‍ ഏറ്റെടുത്തത്.