കൊച്ചി: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ഉത്തരവാദിത്വം പൊലീസിനും സര്‍ക്കാറിനുമാണെന്നിരിക്കെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഉഗ്രശബ്ദത്തോടെ രാത്രിയില്‍ വെടിക്കെട്ട് പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ശബ്ദം കുറഞ്ഞതും വര്‍ണ്ണമാര്‍ന്നതും കരിമരുന്നിന്റെ വീര്യവുമില്ലാത്ത വെടിക്കെട്ട് മാത്രമേ നടത്താവു. നിയമവിധേയമായെ വെടിക്കെട്ട് നടത്താന്‍ പാടുള്ളുവെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് വി.ചിദംബരേഷ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഉത്തരവ്. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണം. ഏതുപൊലീസുകാരനും ഇത് തടയാനുള്ള അവകാശമുണ്ട്. ഇല്ലെങ്കില്‍ അറസ്റ്റ് ചെയ്യണം. ഭാരവാഹികള്‍ക്കൊപ്പം ഇവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും കോടതി പറഞ്ഞു. ജില്ലാ മജിസ്‌ട്രേറ്റ് തടഞ്ഞ വെടിക്കെട്ട് എങ്ങനെ നടന്നു. റവന്യു സംവിധാനവും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. ഉത്തരവാദികള്‍ക്കെതിരെ എന്തുകൊണ്ട് കൊലക്കുറ്റം ചുമത്തിയില്ലെന്നും കോടതി ചോദിച്ചു. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തതെന്ന് കൊല്ലം പൊലീസ് കമ്മിഷണര്‍ അറിയിച്ചു. അപകടമുണ്ടായ സ്ഥലം സീല്‍ ചെയ്തിട്ടുണ്ടോ എന്നു കോടതി ചോദിച്ചപ്പോള്‍ പ്രധാനഭാഗം മാത്രമാണ് സീല്‍ ചെയ്തത് എന്നാണ് പൊലീസ് മറുപടി നല്‍കിയത്. എത്ര വെടിമരുന്ന് ഉപയോഗിച്ചെന്ന ചോദ്യത്തിന് പൊലീസ് മറുപടി നല്‍കിയില്ല. സംസ്ഥാന പൊലീസിന്റെ അന്വേഷണം എങ്ങനെ ഫലപ്രദമാകും? സര്‍ക്കാര്‍ തന്നെ കേസന്വേഷണം സിബിഐയ്ക്ക് വിടുന്നതല്ലേ ഉചിതമെന്നും ഹൈക്കോടതി ചോദിച്ചു. ഹൈക്കോടതിയുടെ നിരീക്ഷണവും വിമര്‍ശനവും സര്‍ക്കാറിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് കോടതിയില്‍ പൊലീസിന് തങ്ങളുടെ ഭാഗം ന്യായീകരിക്കാനൊന്നുംതന്നെയുള്ള തെളിവുകളുണ്ടായതുമില്ല.