കൊച്ചി: കൊല്ലം പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ചിദംബരേഷ് എഴുതിയ കത്ത് ഹൈക്കോടതി ഇന്നു പരിഗണിക്കും. പൊതു താത്പര്യ ഹര്‍ജിയായി ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ബെഞ്ച് മുമ്പാകെയാണ് കത്ത് പരിഗണനക്കെത്തുന്നത്. വലിയ സ്‌ഫോടന ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്ന അമിട്ട്, കതിന, ഗുണ്ട് തുടങ്ങിയവ നിരോധിക്കണമെന്നാണ് കത്തിലെ ആവശ്യം. സംസ്ഥാന സര്‍ക്കാര്‍, കൊച്ചി,മലബാര്‍,തിരുവനന്തപുരം ദേവസ്വം ബോര്‍ഡുകളെയും സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് എന്നിവരെ ഹര്‍ജിയില്‍ എതിര്‍കക്ഷികളാക്കിയിട്ടുണ്ട്. പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ചിദംബരേഷ് കത്തെഴുതിയത്. ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശ പ്രകാരമാണ് കത്ത് പൊതുതാത്പര്യഹര്‍ജിയായി പരിഗണിക്കുന്നത്. പരവൂരിലേതു പോലുള്ള മനുഷ്യനിര്‍മ്മിത അപകടങ്ങള്‍ തടയാന്‍ ജുഡീഷ്യല്‍ ഇടപെടല്‍ ആവശ്യമാണെന്ന് ജസ്റ്റിസ് ചിദംബരേഷ് കത്തില്‍ വ്യക്തമാക്കുന്നു.