തിരുവനന്തപുരം : രാജ്യത്തെ ഞെട്ടിച്ച കൊല്ലം വെട്ടിക്കെട്ട് ദുരന്തത്തിന് സഹകരണമന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ പഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ ഇടപെടലും പുറത്തുവരുന്നു. നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു കൊല്ലം കലക്ടറും കമ്മിഷണറും അനുമതി നിഷേധിച്ചപ്പോള്‍ ഇയാളാണ് താല്‍ക്കാലിക അനുമതി വാങ്ങിക്കൊടുത്തതെന്ന് മംഗളം പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. പഴ്സനല്‍ സ്റ്റാഫ് അംഗം ഇടപെട്ട് ലോക്കല്‍ പോലീസില്‍ നിന്നു അനുമതി നേടിയെടുക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് എ.ഡി.ജി.പി തലത്തില്‍ അന്വേഷണമാരംഭിച്ചു. മത്സര കമ്പമായതിനാലും ടണ്‍ കണക്കിനു സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കാവുന്നതിനാലും അനുമതി നല്‍കാനാവില്ലെന്നു കലക്ടര്‍ എ. ഷൈനാമോളും കമ്മിഷണര്‍ പി. പ്രകാശും വ്യക്തമാക്കിയപ്പോള്‍ ആചാരവെടിക്കെട്ടുമാത്രമേ നടത്തുന്നുള്ളൂവെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു പഴ്സനല്‍ സ്റ്റാഫ് അംഗത്തിന്റെ ഇടപെടല്‍. കൊല്ലം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റും (എ.ഡി.എം), ചാത്തന്നൂര്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണറു(എ.സി.പി)മാണ് നിയമപ്രകാരം വെടിക്കെട്ടിന് അനുമതി നല്‍കേണ്ടത്. മത്സര കമ്പമായതിനാല്‍ എ.ഡി.എം. നേരത്തെതന്നെ അനുമതി നിഷേധിച്ചു. തുടര്‍ന്ന് സംഘാടകസമിതിയുടെ നേതൃത്വം ഏറ്റെടുത്ത് പേഴ്സണല്‍ സ്റ്റാഫ് അംഗം കമ്മിഷണര്‍ പ്രകാശിനെ സമീപിക്കുകയായിരുന്നു. അനുമതി നല്‍കാന്‍ ചുമതലയുള്ള എ.സി.പിയുടെ ശിപാര്‍ശയില്ലാതെ ഇക്കാര്യത്തിലൊന്നും തനിക്ക് ചെയ്യാനാവില്ലെന്ന് കമ്മിഷണര്‍ വ്യക്തമാക്കി. മാത്രമല്ല മത്സര കമ്പം നടത്തിയാല്‍ ജയിലില്‍ പോകേണ്ടിവരുമെന്നും കമ്മിഷണര്‍ മുന്നറിയിപ്പു നല്‍കി. സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കിയ എ.സി.പി, മുകളില്‍ നിന്നു നിര്‍ദേശം ലഭിച്ചാല്‍ അനുമതി നല്‍കാമെന്ന് അറിയിച്ചു. ദുരന്തത്തിന്റെ തലേ ദിവസംവരെ അനുമതിക്കുവേണ്ടി പഴ്സണല്‍ സ്റ്റാഫ് അംഗം കിണഞ്ഞു ശ്രമിക്കുകയും ആഭ്യന്തര മന്ത്രിയുടെ ഓഫീസിനെ സമീപിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ പഴ്സണല്‍ സ്റ്റാഫ് അംഗം, വെടിക്കെട്ടിന് അനുമതി നല്‍കിയില്ലെങ്കില്‍ യു.ഡി.എഫ് പരാജയപ്പെടുമെന്നൊക്കെ ഭീഷണിപ്പെടുത്തരിയിരുന്നു.