പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിന് ഉത്തരവാദികളായ 20 പേര്‍ക്കെതിരെ നരഹത്യയ്ക്ക് കേസ്; പരവൂരിലെ കരാറുകാരുടെ വീടുകളില്‍ സ്‌ഫോടകവസ്തുക്കള്‍ക്കായി വ്യാപക റെയ്ഡ്

കൊല്ലം: പരവൂര്‍ പൂറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ ഉത്തരവാദികളായ 20 പേര്‍ക്കെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. 15 ക്ഷേത്രഭാരവാഹികളും കരാറുകാരനായ സുരേന്ദ്രനും മകന്‍ ഉമേഷും ഇതില്‍ ഉള്‍പ്പെടും. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഉമേഷ് ചികിത്സയിലാണ്. കൃഷ്ണന്‍കുട്ടി എന്ന ആളാണ് കമ്പക്കെട്ട് ഒരുക്കിയത്. നരഹത്യ, സ്ഫോടക വസ്തു നിരോധന നിയമം എന്നിവ പ്രകാരമാണ് കേസ്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെയാണ് വെടിക്കെട്ട് നടത്തിയത്. പരവൂര്‍ കമ്പക്കെട്ട് അപകടത്തെ തുടര്‍ന്ന് ജില്ലയില്‍ സ്ഫോടക വസ്തുക്കള്‍ക്കായി വ്യാപക റെയ്ഡ് നടക്കുന്നുണ്ട്. കരാറുകാരുടെ വീടുകളില്‍ ഉള്‍പ്പെടെ പോലീസ് റെയ്ഡ് നടത്തി. സ്ഫോടക വസ്തുക്കളെ കുറിച്ച് വിവരം ലഭിക്കുകയാണെങ്കില്‍ അറിയിക്കാനും അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇതിനായി രണ്ട് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. പരമ്പരാഗതമായി മത്സര കമ്പക്കെട്ട് നടത്തിയിരുന്ന ക്ഷേത്രമായിരുന്നു പുറ്റിങ്ങലിലേത്. എന്നാല്‍ മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നതിനാല്‍ ഇത്തവണ കളക്ടര്‍ അനുമതി നിഷേധിച്ചിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് താല്‍ക്കാലിക ഉത്തരവ് സമ്പാദിച്ചതാണ് ദുരന്തത്തെ ക്ഷണിച്ചുവരുത്തിയത്.

© 2024 Live Kerala News. All Rights Reserved.