കൊല്ലം: പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ എണ്‍പതിലധികം പേരുടെ മരണത്തിന് കാരണമായ വന്‍ വെടിക്കെട്ട് ദുരന്തത്തിലേക്ക് നയിച്ചത് നഗ്നമായ നിയമലംഘനം. ജില്ലാ ഭരണകൂടവും പൊലിസും വെടിക്കെട്ടിന് അനുമതി നല്‍കിയിരുന്നില്ലെങ്കിലുംഅവസാന നിമിഷം താല്‍ക്കാലിക അനുമതി ലഭിച്ചെതിന്റെ മറവിലാണ് ദുരന്തമെത്തിയത്. മുന്‍വര്‍ഷങ്ങളില്‍ മല്‍സര വെടിക്കെട്ടു നടന്നിരുന്ന സ്ഥലമാണിത്. എന്നാല്‍ അപകട സാധ്യത മുന്‍കൂട്ടിക്കണ്ടാണ് ഇത്തവണ വെടിക്കെട്ടിന് അനുമതി നല്‍കാതിരുന്നത്. എന്നാല്‍ ക്ഷേത്രാചാരത്തിന്റെ ഭാഗമായി വെടിക്കെട്ട് ആവശ്യമാണെന്ന നിര്‍ബന്ധത്തില്‍ ചിലര്‍ ഉറച്ചുനിന്നതിനെ തുടര്‍ന്ന് മത്സരം ഒഴിവാക്കി. ഒരു കമ്പക്കാരനെ വെച്ച് വെടിക്കെട്ട് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇങ്ങനെ വിലക്ക് അവഗണിച്ച് നടത്തിയ വെടിക്കെട്ട് വലിയൊരു ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു.
രാത്രി പന്ത്രണ്ടര മുതല്‍ പുലര്‍ച്ചെ മൂന്നര വരെ നടന്ന വെടിക്കെട്ടു കാണാന്‍ പുരുഷന്മാരായിരുന്നു ഏറെയുമുണ്ടായിരുന്നത്. പരിസരവാസികളാണ് അപകടത്തില്‍പ്പെട്ടവര്‍ ഏറെയും. കമ്പപ്പുരയ്ക്ക് എങ്ങനെ തീ പിടിച്ചുവെന്നത് ദുരൂഹമാണെന്ന് പൊലീസ് പറയുന്നു. ഇവിടെ തീപിടിക്കാനുള്ള സാധ്യതയൊന്നും തന്നെ കാണുന്നില്ല. അട്ടിമറി സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.