ടെക്‌നോപാര്‍ക്കിലെ ക്ലബ്ഹൗസില്‍ വിദേശവിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജീവനക്കാരന്‍ അറസ്റ്റില്‍; യുവതി താമസിക്കുന്ന മുറിയ്ക്കകത്ത് പ്രതി കടന്നത് ജനല്‍ തകര്‍ത്ത്

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ ക്ലബ് ഹൗസില്‍ താമസിക്കുന്ന വിദേശ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ക്ലബ് ഹൗസ് ജീവനക്കാരനായ വെഞ്ഞാറമൂട് നെല്ലനാട് സബര്‍മതി ലൈനില്‍ രാഹുല്‍ ഭവനില്‍ രാഹുലി (24) നെയാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്.
മദ്യലഹരിലായിരുന്ന രാഹുല്‍ ഇന്നലെ പുലര്‍ച്ചെ ഇതിലൊരു വിദ്യാര്‍ത്ഥിനിയെ ഫോണില്‍ വിളിച്ച് മുറിയുടെ കതക് തുറക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യാര്‍ത്ഥിനി തനിക്ക് സംസാരിക്കാന്‍ താത്പര്യമില്ലെന്നറിയിക്കുകയും ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് രാഹുല്‍ 30ളം തവണ വിദ്യാര്‍ത്ഥിനിയെ വിളിക്കുകയും ഫോണെടുക്കാത്തതിനാല്‍ കസേര കൊണ്ടു വന്ന് കതക് തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. കതക് തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജനല്‍ തല്ലി തകര്‍ത്ത് അകത്ത് കടന്ന പ്രതി വിദ്യാര്‍ത്ഥിനിയെ കയറിപിടിക്കാന്‍ ശ്രമിക്കുകയും ഭീഷണിപെടുത്തുകയുമായിരുന്നു. വിദ്യാര്‍ത്ഥിനിയും സഹപാഠികളുമാണ് പൊലീസിനെ വിവരമറിയിച്ചത്. എം.ബി.എക്കാരനായ രാഹുല്‍ ഏതാനും നാളുകളായി ക്ലബ് ഹൗസില്‍ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ആയി ജോലി ചെയ്തുവരികയാണ്. കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസില്‍ ഗവേഷണവുമായി ബന്ധപ്പെട്ടെത്തിയ അഞ്ചോളം വിദേശ സര്‍വകലാശാല വിദ്യാര്‍ത്ഥിനികള്‍ക്ക് ഇവിടെയാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതില്‍ അമേരിക്കന്‍ സ്വദേശിനികളായ നാല് വിദ്യാര്‍ത്ഥിനികളും ഒരു നൈജീരിയന്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുമുണ്ട്. സംഭവത്തോടെ കടുത്ത സുരക്ഷാസംവിധാനങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.