കേരള കോണ്‍ഗ്രസില്‍ വീണ്ടും കൂട്ട രാജി; വക്കച്ചന്‍ മറ്റത്തിലടക്കം മൂന്ന് നേതാക്കള്‍ പാര്‍ട്ടി വിട്ടു

കോട്ടയം: കേരള കോണ്‍ഗ്രസില്‍ വീണ്ടും കൂട്ട രാജി. കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വക്കച്ചന്‍ മറ്റത്തില്‍, കോട്ടയം ജില്ലാ സെക്രട്ടറിമാരായ ജോസ് കൊച്ചുപുര, റെസ്ലി മങ്കാശേരി എന്നിവര്‍ പാര്‍ട്ടി വിട്ടു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ജോസ് പഴത്തോട്ടം, ജോയ് തോമസ് എന്നിവരും ഫ്രാന്‍സിസ് ജോര്‍ജിന് ഒപ്പം ചേരും. പാലാ, കാഞ്ഞിരപ്പള്ളി മേഖലയില്‍ നിന്ന് കൂടുതല്‍ പേര്‍ ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം ചേരുമെന്ന് വിമതര്‍ അറിയിച്ചു. നേരത്തെ ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. ആന്റണി രാജു,ഡോ.കെ സി ജോസഫ്, പി.സി ജോസഫ് എന്നിവരാണ് നേരത്തെ രാജി വച്ചത്.

ഫ്രാന്‍സിസ് ജോര്‍ജിന് ഒപ്പം പ്രവര്‍ത്തിക്കാനാണ് തീരുമാനം എന്ന് വക്കച്ചന്‍ മറ്റത്തില്‍ പറഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജിനെ അവഗണിക്കുന്ന നിലപാടാണ് മാണി ഗ്രൂപ്പ് സ്വീകരിച്ചത്. പാര്‍ട്ടി വിടാനുള്ള തീരുമാനം നേരത്തെ തന്നെ എടുക്കേണ്ടതായിരുന്നു. ജോസഫ് ഗ്രൂപ്പ് പുനരുജ്ജീവിപ്പിച്ച് പി.ജെ ജോസഫിന്റെ നിലപാടുകളുമായി മുന്നോട്ട് പോകുമെന്നും എണ്‍പത് ശതമാനം പ്രവര്‍ത്തകരും തങ്ങള്‍ക്കൊപ്പം ആണെന്നും വക്കച്ചന്‍ മറ്റത്തില്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.