തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു. ഫ്രാന്‍സിസ് ജോര്‍ജ്, ഡോ. കെ സി ജോസഫ്, ആന്റണിരാജു, പി.സി.ജോസഫ് എന്നിവര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. ഇത് സംബന്ധിച്ച് വിവരങ്ങള്‍ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
കേരള കോണ്‍ഗ്രസില്‍ ഏകപക്ഷീയമായ കുടുംബവാഴ്ചയാണ് നടക്കുന്നതെന്ന് ആന്റണി രാജു പറഞ്ഞു. മക്കള്‍ രാഷ്ട്രീയത്തിന് ഇരകളായവര്‍ക്ക് മാത്രമേ ഇനി കേരള കോണ്‍ഗ്രസില്‍ തുടരാനാകുകയുള്ളൂ. രാജവാഴ്ചയെ ഓര്‍മിപ്പിക്കും വിധം കിരീടവും ചെങ്കോലും മകന് ഏല്‍പ്പിക്കാന്‍ കെ എം മാണി ശ്രമിക്കുന്നു. രാഷ്ട്രീയ, ഭരണ മികവുകളില്ലാത്ത ജോസ് കെ മാണിക്ക് വേണ്ടി മുതിര്‍ന്ന നേതാക്കളെ തഴയുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയുമായി സഹകരിക്കാനുള്ള രഹസ്യനീക്കം മാണി നടത്തുന്നുണ്ട്. ജോസ് കെ മാണി ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.