തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം പിളര്‍പ്പ് പൂര്‍ണതയിലേക്ക്. ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ഇടത് മുന്നണിയിലേക്ക് പോകുന്നു. ഡോ. കെ.സി ജോസഫും ആന്റണി രാജുവും പി.സി ജോസഫും ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം ഇടത് മുന്നണിയിലേക്ക് പോകും . സ്ഥാനങ്ങള്‍ രാജിവച്ച് പാര്‍ട്ടി വിടാന്‍ ആണ് ഫ്രാന്‍സിസ് ജോര്‍ജ് അടക്കമുള്ള നേതാക്കളുടെ തീരുമാനം. ഇടത് പക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. നാളെ എല്‍ഡിഎഫുമായി ഇവര്‍ ചര്‍ച്ച നടത്തും. ഇന്നോ നാളെയോ നിലപാട് പരസ്യമായി പ്രഖ്യാപിക്കും. ഇന്ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്‍ നാളെ ആകും നിലപാട് പരസ്യമായി പ്രഖ്യാപിക്കുക. കൂടുതല്‍ അസംതൃപ്തര്‍ ഇവര്‍ക്കൊപ്പം ചേരുമെന്നാണ് സൂചന.
വിമത നീക്കം നടത്തുന്നവരുമായി ഇന്നലെ പി.ജെ ജോസഫ് ചര്‍ച്ച നടത്തിയിരുന്നു. ഫ്രാന്‍സിസ് ജോര്‍ജിന് കോതമംഗലം സീറ്റ് നല്‍കാമെന്ന് ഇന്നലെ പി.ജെ ജോസഫ് ഉറപ്പ് നല്‍കിയിരുന്നു. ആന്റണി രാജുവിന് സീറ്റ് ഉറപ്പാണെന്നും പി.ജെ ജോസഫ് പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ വഴങ്ങിയില്ല. സീറ്റ് തര്‍ക്കത്തെ തുടര്‍ന്നാണ് ഇവര്‍ നേതൃത്വവുമായി ഇടഞ്ഞത്. മാത്രമല്ല കെ.എം മാണിയുടെ നേതൃത്വം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇവര്‍ നിലപാടെടുത്തിരുന്നു.