ന്യൂഡല്‍ഹി: ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ കേരളത്തിലും പശ്ചിമബംഗാളിലും വരുന്നുണ്ട്. ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കനയ്യ കുമാര്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. സിപിഐയുടെ വിദ്യാര്‍ഥി സംഘടനയായ ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ നേതാവാണ് കനയ്യ കുമാര്‍. കേരളത്തിലെത്തുന്നത് പാര്‍ട്ടി തീരുമാനിക്കുമെന്നും പാര്‍ട്ടി തീരുമാനിച്ചാല്‍ താന്‍ ഉറപ്പായും കേരളത്തിലെത്തുമെന്നും കനയ്യകുമാര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് കേരളത്തിലെത്തുന്നത് മികച്ച രാഷ്ട്രീയ അനുഭവമായിരിക്കുമെന്നും കനയ്യ വ്യക്തമാക്കി. കേരളത്തില്‍ നിന്നുള്ള നേതാക്കളില്‍ ഏറ്റവും ഇഷ്ടം സിപിഐ നേതാവായിരുന്ന സി.കെ ചന്ദ്രപ്പനെയായിരുന്നെന്നും കനയ്യ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ‘ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന കനയ്യ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാര്‍ഥികളും തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങും. ഇതാദ്യമായി ഇടതുപക്ഷയുവത്വത്തിന്റെ ശക്തി രാജ്യം കാണും.’ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. രാജ്യദ്രാഹക്കുറ്റം ആരോപിച്ച് ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്ത കനയ്യ കുമാര്‍ കഴിഞ്ഞദിവസമാണ് ജാമ്യത്തില്‍ ഇറങ്ങിയത്.