ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് തീഹാര്‍ ജയിലില്‍ അടച്ച കനയ്യകുമാര്‍ ജയില്‍ മോചിതനായി ജെഎന്‍യുവിലെത്തി വിദ്യാര്‍ത്ഥികളെ അഭിസംഭോധന ചെയ്തു. ‘ഇന്ത്യയില്‍ നിന്നല്ല സ്വാതന്ത്ര്യം വേണ്ടത്, ഞങ്ങള്‍ക്ക് ഇന്ത്യയിലാണ് സ്വാതന്ത്ര്യം വേണ്ടത്,’ കേന്ദ്രസര്‍ക്കാറിനും നരേന്ദ്ര മോദിക്കെതിരെയും വിമര്‍ശിച്ചു കനയ്യ. ജെഎന്‍യുവിനെതിരായ വേട്ട ആസൂത്രിതമാണെന്നും ഒക്യുപൈ യുജിസി സമരവും രോഹിതിന് നീതിതേടിയുള്ള സമരവും അട്ടിമറിക്കുകയുമാണ് അവരുടെ ലക്ഷ്യമെന്നും ആരോപിച്ചു. ജനവിരുദ്ധസര്‍ക്കാറാണ് രാജ്യം ഭരിക്കുന്നത്. അവര്‍ക്കെതിരെ പറഞ്ഞാല്‍ അവര്‍ നിങ്ങള്‍ക്കെതിരെ വ്യാജ വീഡിയോ സൃഷ്ടിക്കും, നിങ്ങളുടെ ഹോസ്റ്റല്‍വളപ്പില്‍ വന്ന് ഉറയെണ്ണും. അതിര്‍ത്തിയില്‍ മരിക്കുന്ന ജവാന്മാരെക്കുറിച്ച് പാര്‍ലമെന്റില്‍ ബിജെപി എം.പി സംസാരിക്കുന്നു, പക്ഷേ, ആത്മഹത്യ ചെയ്യേണ്ടിവരുന്ന കര്‍ഷകരെക്കുറിച്ച് നിങ്ങള്‍ പറയാത്തതെന്തേ. ഇന്ത്യയില്‍നിന്ന് മോചനം വേണമെന്നല്ല തങ്ങള്‍ വാദിക്കുന്നത്, കൊള്ളയടിക്കുന്നവരില്‍നിന്നും ആക്രമണം അഴിച്ചുവിടുന്നവരില്‍നിന്നും ഇന്ത്യക്കു മോചനം വേണമെന്ന് പറഞ്ഞു.
തന്നെ പിന്തുണച്ചവര്‍ക്കെല്ലാമുള്ള നന്ദിയും കനൈയ്യ രേഖപ്പെടുത്തി. ആരോടും തനിക്ക് വിദ്വേഷമില്ലെന്നും പകരംവീട്ടാനില്ലെന്നും വ്യക്തമാക്കിയ കനൈയ്യ എബിവിപിയെ ശത്രുക്കളായല്ല, രാഷ്ട്രീയ എതിരാളികളായാണ് കാണുന്നതെന്ന് തുറന്നുപറഞ്ഞു. പുറത്തുള്ള എബിവിപിക്കാരെ അപേക്ഷിച്ച് കാമ്പസിലെ പ്രവര്‍ത്തകര്‍ അല്‍പംകൂടി യുക്തിയുള്ളവരാണെന്നും അഭിപ്രായപ്പെട്ടു. അരമണിക്കൂറിലേറെ നീണ്ട പ്രസംഗത്തിന്റെ ഓരോവരിയും നിറഞ്ഞ കൈയടികളും മുദ്രാവാക്യം വിളികളുമായാണ് ജെഎന്‍യു സ്വീകരിച്ചത്.