ന്യൂഡല്‍ഹി: രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെഎന്‍യു ക്യാമ്പസിലെ വിദ്യാര്‍ത്ഥി കനയ്യ കുമാര്‍ മുദ്രാവാക്യം വിളിച്ചില്ലെന്ന് പരിപാടി നടക്കുമ്പോള്‍ ക്യാമ്പസില്‍ ജോലിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനും പൊലീസ് കോണ്‍സ്റ്റബിളും. ദേശീയ ചാനല്‍ നടത്തിയ ഒളിക്യാമറാ ഓപ്പറേഷനിലാണ് ഇരുവരുടേയും വെളിപ്പെടുത്തല്‍ നടന്നത്. ഫെബ്രുവരി ഒന്‍പതിന് ക്യാമ്പസില്‍ നടത്തിയ അഫ്‌സല്‍ഗുരു അനുസ്മരണത്തിനിടെ കനയ്യ പ്രസംഗിച്ചിരുന്നു. എന്നാല്‍ കനയ്യ മുദ്രാവാക്യം മുഴക്കിയില്ലെന്ന് ഇരുവരും പറയുന്നു. അമര്‍ജീത് കുമാര്‍ എന്ന സെക്യൂരിറ്റി ജീവനക്കാരനും പൊലീസ് കോണ്‍സ്റ്റബിളായ രാംബീര്‍ എന്നിവരുമാണ് ചാനലുമായി സംസാരിച്ചത്.
അഫ്‌സല്‍ഗുരു അനുസ്മരണം നടന്ന ദിവസം ക്യാമ്പസിലെ സബര്‍മതി ധാബ മുതല്‍ ഗംഗ ധാബ വരെ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. പത്തോ പതിനഞ്ചോ വിദ്യാര്‍ത്ഥികളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. ഗംഗ ധാബയ്ക്ക് മുന്നില്‍ വച്ചാണ് കനൈയ്യ പ്രസംഗിച്ചത്. അവിടെ വച്ച് കനയ്യ മുദ്രാവാക്യം മുഴക്കിയിരുന്നില്ല. മാര്‍ച്ച് നടക്കുമ്പോള്‍ പൊലീസുകാര്‍ മഫ്തിയില്‍ ക്യാമ്പസില്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് കോണ്‍സ്റ്റബിളായ രാംബീര്‍ പറഞ്ഞു. വൈസ് ചാന്‍സലറുടെ അനുമതി ഇല്ലാതിരുന്നതിനാലാണ് പൊലീസ് അതില്‍ ഇടപെടാതിരുന്നത്. കനയ്യ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ മുദ്രാവാക്യം വിളിക്കുന്നത് കണ്ടില്ല. പരിപാടിയുടെ വീഡിയോ പൊലീസ് പകര്‍ത്തിയിട്ടില്ലെന്നും കോണ്‍സ്റ്റബിള്‍ പറഞ്ഞു.