ന്യൂഡല്‍ഹി: ജെഎന്‍യു സര്‍വകലാശാലാ വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷന്‍ കനയ്യ കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ച മൂന്ന് അഭിഭാഷകര്‍ക്കെതിരെ നടപടിക്ക് സുപ്രീം കോടതി നോട്ടീസ്. കോടതിയലക്ഷ്യത്തിന് സ്വമേധയാ കേസെടുക്കാനും കോടതി നിര്‍ദേശം. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് കോടതി കേന്ദ്രത്തിനും ഡല്‍ഹി പൊലീസിനും നോട്ടീസയച്ചിരിക്കുയാണ്.
പട്യാല ഹൗസ് കോടതിവളപ്പില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ അഭിഭാഷകര്‍ക്കും സുപ്രീം കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. മറുപടി നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഈ മാസം 15 ന് പട്യാല കോടതി വളപ്പില്‍ വെച്ചാണ് കനയ്യ കുമാറിനെയും ജെഎന്‍യു വിദ്യാര്‍ഥികളെയും അധ്യാപകരെയും മാധ്യമപ്രവര്‍ത്തകരെയും അഭിഭാഷക സംഘം ആക്രമിച്ചത്. കനയ്യ കുമാറിനെ മര്‍ദ്ദിച്ച വിക്രം സിങ് ചൗഹാന്‍, യശ്പാല്‍, ഓം ശര്‍മ എന്നീ അഭിഭാഷകരെ ഇന്ത്യ ടുഡേ ഒളിക്യാമറയില്‍ കുടുക്കിയിരുന്നു. ഇവര്‍ കനയ്യ കുമാറിനെ തല്ലിയ കാര്യം അഭിമാനത്തോടെ വെളിപ്പെടുത്തുന്ന ദൃശ്യങ്ങളായിരുന്നു പുറത്ത് വന്നിരിക്കുന്നത്. ഇതിനിടെയാണ് കോടതിയുടെ ശ്രദ്ധേയമായ ഇടപെടല്‍.