ജെഎന്‍യു വിദ്യാര്‍ഥികളെ അപമാനിച്ച് വീണ്ടും ബിജെപി എംഎല്‍എ രംഗത്ത്; ഡല്‍ഹിയിലെ സ്ത്രീപീഡകരില്‍ 50 ശതമാനവും ജെഎന്‍യു വിദ്യാര്‍ഥികളെന്ന് അഹൂജ

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥികളെ അപമാനിച്ചുകൊണ്ട് രാജസ്ഥാന്‍ ബിജെപി എംഎല്‍എയായ ഗ്യാന്‍ ദേവ് അഹൂജ വീണ്ടും രംഗത്ത്. ഡല്‍ഹിയിലുണ്ടാകുന്ന 50 ശതമാനം പീഡനങ്ങളും സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളും ചെയ്യുന്നത് ജെഎന്‍യുവിലെ വിദ്യാര്‍ഥികളാണ.് ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹി വനിത കമ്മിഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസവും ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്കെതിരെ ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ രംഗത്തെത്തിയിരുന്നു. ദേശവിരുദ്ധരുടെ സ്ഥലമാണ് ജെഎന്‍യു ക്യാംപസ്. രാത്രി എട്ടുമണിക്കുശേഷം സാംസ്‌കാരിക പരിപാടിയുടെ പേരില്‍ വിദ്യാര്‍ഥികള്‍ നഗ്‌നരായി നൃത്തം ചെയ്യുന്നുണ്ടെന്നും ക്യാംപസില്‍ ദിവസവും 3,000 ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഗര്‍ഭനിരോധന കുത്തിവയ്പ്പുകള്‍ എടുക്കുന്നുണ്ടെന്നുമായിരുന്നു അഹൂജയുടെ ആരോപണം. ദിവസവും 10000 സിഗറ്റുകളും 4000 ബീഡികളും ഇറച്ചിയും ദിവസവും ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം നടക്കുന്നതിനിടെയാണ് പുതിയ പ്രസ്താവന. അഹൂജ വനിതാ നര്‍ത്തകികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ചിത്രങ്ങള്‍ ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. രാജസ്ഥാനിലെ ചില ബിജെപി നേതാക്കള്‍ക്കൊപ്പം അഹൂജ, വനിതകള്‍ക്കൊപ്പം നൃത്തം ചെയ്യുകയും പണം വിതറുകയും ചെയ്യുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഇതിനിടെയാണ് കോളജ് വിദ്യാഭ്യാസമില്ലാത്ത എംഎല്‍എ ജെഎന്‍യു വിദ്യാര്‍ഥികളെ ആക്ഷേപിക്കല്‍ സ്ഥിരം പരിപാടിയാക്കിയത്.

© 2024 Live Kerala News. All Rights Reserved.