ദോഹയിലെ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശികളായ സഹോദരങ്ങള്‍ മരിച്ചു; ഇവര്‍ സഞ്ചരിച്ച ലാന്‍ഡ്ക്രൂയിസര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു

ദോഹ: ദോഹ ഐന്‍ ഖാലിദിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശികളായ സഹോദരങ്ങള്‍ മരിച്ചു. കോഴിക്കോട് അരക്കിണര്‍ സ്വദേശി മാളിയേക്കല്‍ സക്കീറിന്റെയും ഫസീലയുടെയും മക്കളായ മുഹമ്മദ് ജുനൈദ് നിബ്രാസ് (23), നജ്മല്‍ റിസ്വാന്‍ (20) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ച ലാന്‍ഡ്ക്രൂയിസര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ദോഹയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മുഹമ്മദ് ജുനൈദ് ലണ്ടനില്‍നിന്ന് മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കി പിതാവിനെ റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ സഹായിക്കുകയായിരുന്നു. പുന്നെയില്‍ എന്‍ജിനീയറിങ്ങിന് വിദ്യാര്‍ഥിയായ നജ്മല്‍ റിസ്വാന്‍ ഒരാഴ്ച മുമ്പാണ് മാതാവിനൊപ്പം ഖത്തറിലെത്തിയത്. ഇരുവരെയും ആശുപത്രിലത്തെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. കോഴിക്കോട് മാത്തോട്ടം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം.

© 2024 Live Kerala News. All Rights Reserved.