പാലത്തിലെ വിള്ളലില്‍ ചാടാതിരിക്കാന്‍ വെട്ടിച്ച ഓട്ടോയില്‍ ബസിടിച്ച് നവവരന്‍ മരിച്ചു

കോട്ടയം: എംസി റോഡില്‍ സംക്രാന്തി നീലിമംഗലം പാലത്തിലെ സ്ലാബ് ജോയിന്റ് വിള്ളലില്‍ ചാടാതിരിക്കാന്‍ വെട്ടിച്ച ഓട്ടോറിക്ഷയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു.കുറുപ്പന്തറ ഇലവത്തില്‍ പരേതനായ സെബാസ്റ്റ്യന്‍ തോമസിന്റെ മകന്‍ രഞ്ജിന്‍ സെബാസ്റ്റ്യന്‍ (ഉണ്ണി -28) ആണ് മരിച്ചത്. മുടുചിറ സ്റ്റാന്‍ഡിലെ ഡ്രൈവറാണ്.ഇന്നലെ രാവിലെ ആറിനാണ് അപകടം. ഏറ്റുമാനൂര്‍ ഭാഗത്തേക്കു പോയ ഓട്ടോറിക്ഷ, വൈക്കം ഡിപ്പോയില്‍ നിന്ന് കോട്ടയത്തേക്കുള്ള ബസില്‍ ഇടിച്ചാണ് അപകടം. മുട്ടുചിറയിലെ ഇറച്ചിക്കടയില്‍ നിന്ന് ദിവസവും പുലര്‍ച്ചെ കോട്ടയത്തും ചങ്ങനാശേരിയിലും ഹോട്ടലുകളില്‍ ഇറച്ചി എത്തിച്ചു നല്‍കുന്നതിനായി രഞ്ജിന്‍ ഓട്ടം പോകുമായിരുന്നു. തിരികെ വരുമ്പോഴാണ് അപകടം. ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഓട്ടോയില്‍ കുടുങ്ങിയ രഞ്ജിനെ പുറത്തെടുക്കാന്‍ നാട്ടുകാരും ബസ് ജീവനക്കാരും ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.അഗ്‌നിരക്ഷാ സേനയും പൊലീസും എത്തി അഗ്‌നിരക്ഷാ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടം സംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കണമെങ്കില്‍ സാങ്കേതിക വിദഗ്ധരുടെ വാഹന, റോഡ് പരിശോധന കൂടി വേണമെന്നു ഗാന്ധിനഗര്‍ പൊലീസ് അറിയിച്ചു. ബസിന്റെ മുന്‍ഭാഗവും ചില്ലും തകര്‍ന്നു.ആലപ്പുഴ കാഞ്ഞിരച്ചിറ കൊടുവീട്ടില്‍ സോനയാണ് ഭാര്യ. മാതാവ്: ലൂസി. സഹോദരങ്ങള്‍: രഞ്ജിത് ഷിബിന്‍, രഞ്ജി സെബാസ്റ്റ്യന്‍, അഞ്ജു. സംസ്‌കാരം ഇന്നു മൂന്നിന് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോനാ പള്ളിയില്‍.

© 2024 Live Kerala News. All Rights Reserved.