ഒടുവില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും പൊലീസില്‍ കീഴടങ്ങി; ഇവര്‍ കീഴടങ്ങുകയോ അറസ്റ്റ് വരിക്കുകയോ ചെയ്യണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെഎന്‍യു ക്യാമ്പസിലെ വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും പൊലീസിന് കീഴടങ്ങി. ഇന്നലെ രാത്രി 11.45നാണ് ഇവര്‍ കീഴടങ്ങിയത്. ഇവര്‍ കീഴടങ്ങുകയോ അറസ്റ്റ് വരിക്കുകയോ ചെയ്യണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതിയുടെ ഉപദേശമനുസരിച്ചാണാണ് ഇവര്‍ കീഴടങ്ങിയത്.

അര്‍ദ്ധരാത്രിയോടെ സെക്യൂരിറ്റി ജീവനക്കാരുടെ വാഹനത്തില്‍ ക്യാമ്പസിന് പുറത്തെത്തിയ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അഭിഭാഷകരും അധ്യാപകരും ഉണ്ടായിരുന്നു.ഇരുവരെയും കസ്റ്റഡിയില്‍ എടുത്ത പൊലീസ് സമീപത്തെ വസന്ത്കുഞ്ജ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്ന് ഇവരെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കുമെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബിഎസ് ബസ്സി പറഞ്ഞു. കീഴടങ്ങാന്‍ സംരക്ഷണം ആവശ്യപ്പെട്ട് ഇന്നലെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. കീഴടങ്ങുകയോ അറസ്റ്റ് വരിക്കുകയോ ചെയ്യണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. അതേസമയം ഇവര്‍ക്കൊപ്പം കുറ്റം ചുമത്തപ്പെട്ട മറ്റ് മൂന്ന് വിദ്യാര്‍ത്ഥികളായ അനന്ത് പ്രകാശ് നാരായണ്‍, അശുതോഷ് കുമാര്‍, രാമ നാഗ എന്നിവര്‍ ക്യാമ്പസില്‍ തുടരുകയാണ്. കനയ്യ കുമാറിന് ഡെല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചു. കനയ്യ കുമാറിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജരായി. കനയ്യക്കെതിരെ സാക്ഷിമൊഴിയുണ്ടന്നും ജെഎന്‍യുവില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തിയ സംഘത്തില്‍ കനയ്യ കുമാര്‍ ഉണ്ടായിരുന്നുവെന്നും ഡല്‍ഹി പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ താന്‍ ദേശദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് രാഷ്ട്രീയ പ്രേരിതമായാണെന്നും കനയ്യ കുമാര്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.