ന്യൂഡല്‍ഹി: ജെഎന്‍യുവിലെ വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യകുമാര്‍. മുന്‍ അധ്യാപകന്‍ എസ് ആര്‍ ഗീലാനി മറ്റ് വിദ്യാര്‍ഥികള്‍ക്കും എതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുളള ഹര്‍ജി ഇന്നു സുപ്രീംകോടതി പരിഗണിക്കും. കനയ്യകുമാറിനെ ഹാജരാക്കുന്ന സമയത്ത് പട്യാല ഹൗസ് കോടതിയില്‍ ആര്‍എസ്എസ് അഭിഭാഷകരുടെ തേര്‍വാ്ച്ചയുടെ റിപ്പോര്‍ട്ടുകളും സുപ്രീംകോടതി പരിഗണനയ്ക്ക് വരും. രാജ്യദ്രോഹ കുറ്റം ചുമത്തി തിഹാര്‍ ജയിലില്‍ കഴിയുന്ന കനയ്യകുമാറിന്റെ ജാമ്യാപേക്ഷയും ഡല്‍ഹി ഹൈക്കോടതി ഇന്നു പരിഗണിച്ചേക്കും. അതേസമയം ഹര്‍ജിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഹൈക്കോടതി രജിസ്ട്രാറുമായി അഭിപ്രായ ഭിന്നതകളുണ്ടെന്നും, ഇതു പരിഹരിച്ചശേഷം നാളെയായിരിക്കും ചിലപ്പോള്‍ ഹര്‍ജി പരിഗണിക്കുകയെന്നും കനയ്യകുമാറിന്റെ അഭിഭാഷക വൃന്ദ ഗ്രോവര്‍ അറിയിച്ചിട്ടുണ്ട്. കനയ്യകുമാര്‍,എസ്.എ.ആര്‍ ഗീലാനി,ഉമര്‍ ഖാലിദ്, ലെനിന്‍കുമാര്‍,അനിബന്‍ ഭട്ടാചാര്യ,ശെഹ്ല റഷീദ് ഷോര, അലി ജാവേദ് എന്നിവര്‍ക്കെതിരെയാണ് വിനീത് ധന്‍ഡ എന്ന അഭിഭാഷകന്‍ കോടതിയലക്ഷ്യക്കേസ് നല്‍കിയത്.ഫെബ്രുവരി ഒന്‍പതിന് ജെഎന്‍യുവില്‍ സംഘടിപ്പിച്ച കണ്‍ട്രി വിത്തൗട്ട് പോസ്റ്റ് ഓഫിസ് എന്ന സാംസ്‌കാരിക പരിപാടിയുടെ ബ്രോഷറില്‍ പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിക്കൊന്ന അഫ്‌സല്‍ ഗുരുവിന്റേത് ജുഡീഷ്യല്‍ കൊലപാതകമാണെന്ന് വിശേഷിപ്പിച്ചെന്നാരോപിച്ചാണ് ഹര്‍ജി. കോടതി വിധിയെ നിന്ദിക്കുന്ന പരാമര്‍ശമാണ് ഇതെന്നും ഇവര്‍ പറയുന്നു. ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍, ജസ്റ്റിസുമാരായ ആര്‍.ഭാനുമതി,യു.യു ലളിത് എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.