കനയ്യകുമാറിന്റെ ജാമ്യപേക്ഷ സുപ്രീംകോടതി പരിഗണിച്ചില്ല; വിചാരണകോടതിയില്‍ അപേക്ഷ നല്‍കാന്‍ നിര്‍ദേശം; ജാമ്യം നല്‍കരുതെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനൈയ്യ കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിച്ചില്ല. ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ കൃത്യമായ ചട്ടങ്ങളുണ്ട്. ഇത് ലംഘിച്ച് നേരിട്ട് ജാമ്യാപേക്ഷ പരിഗണിക്കാന്‍ സുപ്രീം കോടതിക്കാവില്ല. ജാമ്യം അനുവദിച്ചാല്‍ ഇത് തെറ്റായ കീഴ്‌വഴക്കത്തിന് വഴിതെളിക്കുമെന്നും കോടതി വ്യക്തമാക്കി. വിചാരണ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും അവിടെ നിന്ന് തള്ളിയാല്‍ മേല്‍ക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. കനയ്യ കുമാറിന് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ജെ ചെലമേശ്വര്‍ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പട്യാല ഹൗസ് കോടതി ഉള്‍പ്പടെ ഡല്‍ഹിയിലെ മറ്റ് കോടതികളില്‍ തനിക്ക് സുരക്ഷയില്ലെന്നും തന്റെ മൗലികാവകാശം ലംഘിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് കനയ്യ കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ എല്ലാ കോടതിയിലും സുരക്ഷാ പ്രശ്‌നം ഉണ്ടെന്ന വാദം അംഗീകരിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.അതേ സമയം കനയ്യ കുമാറിന് ജാമ്യം നല്‍കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. ജാമ്യം നല്‍കിയാല്‍ അത് രാജ്യത്തിന് തെറ്റായ സന്ദേശം നല്‍കുന്നത് പോലെയാകും. ഗുരുതരമായ കുറ്റങ്ങളാണ് കനയ്യക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. കനയ്യ കുമാറിന് എതിരെ തെളിവുകളുണ്ടെന്ന് ഡെല്‍ഹി പൊലീസും ആവര്‍ത്തിച്ചു. ഹൈക്കോടതിയില്‍ ജാമ്യപേക്ഷ നല്‍കിയേക്കുമെന്നാണ് വിവരം.

© 2024 Live Kerala News. All Rights Reserved.