അഭിഭാഷകര്‍ക്ക് കാക്കി ട്രൗസര്‍ നല്‍കണം; പട്യാല കോടതി പരിസരത്ത് വീണ്ടും കറുത്ത കോട്ടുധാരികളുടെ തേര്‍വാഴ്ച്ച; കനയ്യകുമാറിനെ നിലത്തിട്ട് ചവിട്ടി; ഡല്‍ഹി യുദ്ധക്കളം

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ ഹാജരാക്കുന്ന പട്യാല കോടതിയില്‍ വീണ്ടും ആര്‍എസ്എസ് അനുകൂല അഭിഭാഷകരുടെ അഴിഞ്ഞാട്ടവും ഗുണ്ടാമോഡല്‍ ആക്രമണവും. കനയ്യകുമാറിനെ ഹാജരാക്കുന്നതിനിടയില്‍ ആര്‍എസ്എസ് അഭിഭാഷകരില്‍ ഒരാള്‍ കനയ്യകുമാറിനെ മര്‍ദിച്ചു.നിലത്തുവീണ കന്നയ്യകുമാറിനെ അഭിഭാഷകര്‍ വട്ടംകൂടിയിട്ട് ചവിട്ടുകയും ചെയ്തു.കനയ്യകുമാറിനെ ഹാജരാക്കുന്ന വേളയില്‍ വളരെക്കുറച്ച് പൊലീസുകാര്‍ മാത്രമാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. പൊലീസ് നോക്കി നിന്നു. കഴിഞ്ഞ ദിവസം അക്രമം അഴിച്ചുവിട്ട ആര്‍എസ്എസ് അനുകൂല അഭിഭാഷകര്‍ തന്നെയാണ് ഇന്നും മാധ്യമപ്രവര്‍ത്തകര്‍ക്കും, മറ്റ് അഭിഭാഷകര്‍ക്കും നേരെ അക്രമം അഴിച്ചുവിട്ടിരിക്കുന്നത്. ഫസ്റ്റ് പോസ്റ്റിന്റെ ഫോട്ടോഗ്രാഫറായ താരീഖ് അന്‍വറിനെ അക്രമികള്‍ വളഞ്ഞിട്ട് തല്ലി. കൂടാതെ നിരവധി അഭിഭാഷകരെയും ആര്‍എസ്എസ് അനുകൂല അഭിഭാഷകര്‍ മര്‍ദിച്ചു. ഒ ബി, ഡിഎസ്എന്‍ജി വാഹനങ്ങള്‍ക്ക് നേരെയും അഭിഭാഷകര്‍ കല്ലെറിഞ്ഞു.

kanhaiya_shot_new

മര്‍ദനത്തിനു പുറമെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഇവര്‍ കല്ലേറും നടത്തി. ഇതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ദേശീയപതാക കൈയിലേന്തിയും, വന്ദേമാതരം വിളിച്ചുമാണ് ആര്‍എസ്എസ് അനുകൂല അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകള്‍ തല്ലിപ്പൊളിക്കുകയും, മറ്റ് അഭിഭാഷകരെ മര്‍ദിക്കുകയും ചെയ്തത്. അതേസമയം വീണ്ടും ആക്രമണം നടന്നതില്‍ പത്തുമിനിറ്റിനകം ഡല്‍ഹി പൊലീസ് റിപ്പോര്‍ട്ട് നല്‍കണമെന്നും, അവിടെ എന്താണ് നടക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചിട്ടുണ്ട്.
കൂടാതെ അഞ്ചംഗ അഭിഭാഷക സംഘത്തെ സുപ്രീംകോടതി പട്യാല കോടതിയിലേക്ക് അയച്ചിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, രാജീവ് ധവാന്‍ എന്നിവരടങ്ങുന്ന സംഘമാണ് പട്യാല ഹൗസില്‍ നടന്ന ആക്രമണങ്ങളെക്കുറിച്ച് സംഭവസ്ഥലത്തെത്തി അന്വേഷിക്കുന്നത്. ഇവര്‍ക്ക് വേണ്ട സുരക്ഷ നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശമുണ്ട്. കനയ്യകുമാറിന്റെ കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് രാവിലെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കുന്നത് അനിവാര്യമാണെന്നും ഇന്ന് കനയ്യ കുമാറിനെ പാട്യാല കോടതിയില്‍ ഹാജരാക്കുമ്പോള്‍ 20 പേര്‍ക്ക് മാത്രം പ്രവേശനം നല്‍കിയാല്‍ മതിയെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതെല്ലാം മറികടന്നാണ് ആക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ പൊലീസ് തന്നെ അവസരമുണ്ടാക്കിക്കൊടുത്തത്.

© 2024 Live Kerala News. All Rights Reserved.