കനയ്യകുമാര്‍ രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് രഹസ്യാന്വേഷണവിഭാഗം; കേന്ദ്രസര്‍ക്കാര്‍ വാദം പൊളിയുന്നു; ഡല്‍ഹി പൊലീസ് കാണിച്ചത് അമിതാവേശം

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യകുമാര്‍ രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പൊളിയുന്നു. ഡല്‍ഹി പൊലീസ് അമിതാവേശം കാണിച്ച് ഇല്ലാത്ത സംഭവത്തിന്റെ പേരിലാണ് കനയ്യകുമാറിനെ അറസ്റ്റ് ചെയ്തതെന്നും രഹസ്യന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കനയ്യ കുമാര്‍ രാജ്യവിരുദ്ദ മുദ്രാവാക്യം മുഴക്കിയെന്ന സര്‍ക്കാര്‍ നിലപാടിനെ തള്ളിയാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയത്. എന്നാല്‍ പാര്‍ലമെന്റ് കേസ് പ്രതിയായ അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണ ചടങ്ങില്‍ കനയ്യയും മുഖ്യ പങ്കാളി ആയതായി റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ മാത്രമുള്ള മുദ്രാവാക്യങ്ങള്‍ കനയ്യ മുഴക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ ആരോപണങ്ങള്‍ക്ക് നേര്‍വിപരീതമാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. ഉമര്‍ ഖാലിദിന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയന്‍ അഫ്‌സല്‍ ഗുരുവുമായി ബന്ധപ്പെട്ട ഒരു ഡോക്യുമെന്ററി പ്രദര്‍ശനത്തിനായി സബര്‍മതി ദബയില്‍ ഒത്തു ചേര്‍ന്നിരുന്നു. എന്നാല്‍ ഈ പരിപാടി പോലീസ് തടഞ്ഞു. ഡിഎസ് യു പ്രവര്‍ത്തകര്‍ ഇതിനെ എതിര്‍ത്തു. പോലീസ് റിപ്പോര്‍ട്ട് അനുസരിച്ച് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുവാദം ലഭിക്കാത്തതിനെ തുടര്‍ന്ന് ഡിഎസ് യു പ്രവര്‍ത്തകരാണ് മുദ്രാവാക്യം മുഴക്കിയത്. എന്നാല്‍ ഈ ആളുകളെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം പ്രതിഷേധ പരിപാടിയില്‍ കനയ്യകുമാര്‍ പങ്കെടുത്തിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അദ്ദേഹം രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. ഡല്‍ഹി പൊലീസിനെയും കേന്ദ്രസര്‍ക്കാറിനെയും പ്രതിക്കൂട്ടിലാക്കുന്നതാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

© 2024 Live Kerala News. All Rights Reserved.