ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് വ്യാപക പിന്തുണ; സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിനും; കണ്ണുതുറക്കാതെ ഭരണകൂടം

ന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയുടെ വര്‍ഷികം ആഘോഷിച്ചതുമായി ബന്ധപ്പെട്ട് ജെഎന്‍യുവിലെ വിദ്യാര്‍ഥി നേതാവ് കനയ്യകുമാറിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെതിരെ വിദ്യാര്‍ഥികള്‍ സമരം തുടരുന്ന സാഹചര്യത്തില്‍ വ്യാപക പിന്തുണ. ജെഎന്‍യു ക്യാമ്പസ് ഒന്നടങ്കം ഭരണകൂട ഭീകരതയ്‌ക്കെതിരെ അണിനിരക്കുമ്പോള്‍ സംഘ്പരിവാര്‍ സംഘടനകളൊഴികെ വ്യാപക പിന്തുണയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ലോകത്തിലെ പ്രശസ്തമായ 400 സര്‍വകലാശാലകളും വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി രംഗത്തുണ്ട്. മാത്രമല്ല സോഷ്യല്‍മീഡിയയിലും പിന്തുണ ഓരോദിവസവും വര്‍ധിച്ചുവരികയാണ്. കനയ്യകുമാറിനെ രാജ്യദ്രോഹം ചുമത്തി ജയിലിലടച്ചതിനെതിരെ പഠിപ്പ് മുടക്കിയാണ് വിദ്യാര്‍ഥികളുടെ സമരം. വരുംദിവസങ്ങളില്‍ രാജ്യത്തെ മറ്റുപല സര്‍വകലാശാലകളിലെയും വിദ്യാര്‍ഥികള്‍ പിന്തുണയുമായി തെരുവിലിറങ്ങിയേക്കുമെന്നാണ് വിവരം. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയമായും ജെഎന്‍യു വിദ്യാര്‍ഥി സമരം മാറി. ഇതിനിടെ കഴിഞ്ഞദിവസം പട്യാല കോടതി പരിസരത്ത് അഭിഭാഷകരുടെ മര്‍ദ്ധനമേറ്റ മാധ്യമപ്രവര്‍ത്തകരും പ്രതിഷേധപ്രകടനം നടത്തി. രാജ്യം ഒന്നാകെ ജെഎന്‍യു വിഷയത്തില്‍ കൃത്യമായ നിലപാടെടുക്കുമ്പോഴും സംഘ്പരിവാറും സര്‍ക്കാറും വിദ്യാര്‍ഥി വിരുദ്ധ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്.

© 2024 Live Kerala News. All Rights Reserved.