അഫ്‌സല്‍ ഗുരു അനുസ്മരണത്തിന് തീവ്രവാദ ബന്ധമെന്ന് സംഘ്പരിവാര്‍; ജെഎന്‍യു സമരത്തില്‍ എന്‍ഐഎ അന്വേഷണം കോടതി തള്ളി; വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരുടെ പിന്തുണയും

ന്യൂഡല്‍ഹി:ജെഎന്‍യു വിദ്യാര്‍ഥികള്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയതില്‍ തീവ്രവാദബന്ധമുണ്ടെന്ന സംഘ്പരവാര്‍ വാദത്തിന് തരിച്ചടി. സംഭവത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന പൊതുതാല്‍പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. അഫ്‌സല്‍ ഗുരുവിന്റെ മരണ വാര്‍ഷിക ദിനത്തില്‍ സര്‍വ്വകലാശാലയില്‍ സംഘടപ്പിച്ച പ്രതിഷേധപരിപാടിയ്ക്ക് തീവ്രവാദബന്ധമുണ്ടെന്നാരോപിച്ച് എന്‍ഐഎ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്.
ജെഎന്‍യുവില്‍ നടന്ന വിദ്യാര്‍ത്ഥികളുടെ പരിപാടിയ്ക്ക് ലഷ്‌കര്‍ ഇ ത്വയ്ബ നേതാവ് ഹാഫീസ് സയ്യിദിന്റെ പിന്തുണയുണ്ടായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് ദിവസങ്ങള്‍ക്ക് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സംഭവത്തില്‍ തീവ്രവാദബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ നിലവില്‍ ഡല്‍ഹി പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും അതിനാല്‍ എന്‍ഐഎയുടെ അന്വേഷണം ഈ വിഷയത്തില്‍ ആവശ്യമില്ലെന്നുമാണ് കോടതിയുടെ തീരുമാനം. ഹാഫീസ് സയ്യീദ് എന്ന പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടിലെ ട്വീറ്റിനെ അടിസ്ഥാനമാക്കിയാണ് ജെഎന്‍യു സമരത്തില്‍ ലഷ്‌കര്‍ ഇ ത്വയ്ബയുടെ പിന്തുണയുണ്ടെന്ന് രാജ്‌നാഥ് സിങ്ങ് ആരോപിച്ചതെന്ന് വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ വന്നിരുന്നു. അഫ്‌സല്‍ ഗുരുവിന്റെ മരണ വാര്‍ഷിക ദിനത്തില്‍ സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച പ്രതിഷേധപരിപാടിയുമായി ബന്ധപ്പെട്ട് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ കുമാറടക്കം പത്തോളം വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധറാലിക്കിടെ ദേശ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ കേസ്. അതേസമയം കനയ്യകുമാറിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ഥികളുടെ സമരം രണ്ടാംദിവസത്തിലേക്ക് കടന്നു. ക്യാമ്പസില്‍ അധ്യാപകര്‍ യോഗം ചേര്‍ന്നു. വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നല്‍കാനാണ് അധ്യാപകരുടെയും തീരുമാനം.

© 2024 Live Kerala News. All Rights Reserved.